ചേർത്തല: ചേർത്തല, അരൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്റി അമിത് ഷാ ഇന്ന് ചേർത്തലയിലെത്തും. വയലാർ ബിഷപ് മൂർ സ്‌കൂൾ ഗ്രൗണ്ടിൽ വിപുലമായ ക്രമീകരണങ്ങളാണ് സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നതെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുക്കുമെന്നും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് വി. പ്രകാശൻ കളപ്പുരക്കൽ, എം.എസ്. ഗോപാലകൃഷ്ണൻ, എസ്. പത്മകുമാർ, സാനു സുധീന്ദ്രൻ, അജി ഇടപ്പുങ്കൽ എന്നിവർ പറഞ്ഞു. ചേർത്തല നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.പി.എസ്. ജ്യോതിസിന്റേയും അരൂരിലെ സ്ഥാനാർത്ഥി ടി. അനിയപ്പന്റേയും പ്രചാരണത്തിനായാണ് അമിത്ഷാ എത്തുന്നത്. വൈകിട്ട് 5ന് പൊതുസമ്മേളനം ആരംഭിക്കും. 6.40ന് ചേർത്തല ശ്രീനാരായണ കോളേജ് ഗ്രൗണ്ടിൽ എത്തുന്ന അമിത് ഷായെ എൻ.ഡി.എ നേതാക്കൾ ചേർന്ന് സ്വീകരിക്കും. തുടർന്ന് 6.45 ഓടെ അദ്ദേഹം സമ്മേളന നഗരിയിലെത്തി സംസാരിക്കും. കേന്ദ്രസേനയുടേയും പൊലീസിന്റെയും നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുള്ളത്.