മാവേലിക്കര: പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കെ മാവേലിക്കരയിൽ പോരാട്ടം മുറുകി. ദുഃഖവെള്ളി ആചരണത്തിൽ പങ്കെടുത്തുകൊണ്ടാണ് ഇന്നലെ എൽ.ഡി.എഫ് സ്ഥനാർത്ഥി എം.എസ് അരഉൺകുമാർ സമയം ചിലവഴിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഷാജുവും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സഞ്ജുവും ബൈക്ക് റാലികളിൽ പങ്കെടുത്തു.

എം.എസ് അരുൺ കുമാർ കല്ലുവളയം ഓർത്തഡോക്സ് പള്ളിയിൽ എത്തി വികാരി ഫാ.ഷിജി കോശിക്കൊപ്പം രാവിലെ കഞ്ഞികുടിച്ചു. കുന്നം സെന്റ് ജോർജ് പള്ളി വികാരി ഫാ.കെ.എം വർഗീസിന്റെ (കളീക്കൽ അച്ചൻ) പ്രാർത്ഥനയിൽ പങ്കെടുത്തു. ഉച്ചക്ക് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എത്തി ഭക്ഷണവും കഴിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ഷാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നൂറനാട് ബ്ലോക്ക് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്ന് ബൈക്ക് റാലി നടത്തി. വി.എം സുധീരൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി രാവിലെ നൂറനാട് പഞ്ചായത്തിൽ ഭവന സന്ദർശനം നടത്തി.തുടർന്ന് വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും താമരക്കുളം ജുമാമസ്ജിദിലും സന്ദര്‍ശനം നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി കെ.സഞ്ചുവിന്റെ പ്രചരണത്തിന്റെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലത്തിൽ മഹാ ബൈക്ക് റാലി നടത്തി. കർണാടക മുൻ യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രിയും എം.എൽ.എയുമായ അപ്പാച്ചി രഞ്ചൻ ഫ്ലാഗ് ഓഫ് ചെയ്തു.