photo

ചേർത്തല: പരസ്യപ്രചരണത്തിന് ഇനി ഒരു ദിവസം കൂടി അവശേഷിക്കുമ്പോൾ, കനത്ത ത്രികോണ മത്സരം നടക്കുന്ന ചേർത്തലയിൽ വോട്ടുറപ്പിക്കാൻ അവസാന തന്ത്റങ്ങളൊരുക്കി മുന്നണികൾ. ദുഃഖ വെള്ളി ദിനത്തിൽ ശബ്ദ പ്രചാരണത്തിന് പരമാവധി അവധി നൽകിയാണ് സ്ഥാനാർത്ഥികൾ വോട്ടു തേടിയത്.

എൻ.ഡി.എ സ്ഥാനാർഥി പി.എസ്.ജ്യോതിസ് വിവിധ പള്ളികളിൽ സന്ദർശനം നടത്തി.തുടർന്ന് ചേർത്തല നഗരത്തിലും തണ്ണീർമുക്കത്തും എത്തി വോട്ടു തേടി എൻ.ഡി.എ വനിതാ സംഗമത്തിലും പങ്കെടുത്തു.ഇലഞ്ഞാകുളങ്ങരയിലും കരിക്കാടും നടന്ന കുടുംബ യോഗങ്ങളിലും പങ്കെടുത്തു.

എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രസാദ് തണ്ണീർമുക്കം പള്ളിയിൽ വിശ്വാസികളെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് തണ്ണീർമുക്കം വയലാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു.കണിവെള്ളരിയും കണിക്കൊന്നയും പഴമാങ്ങയും ജൈവ പച്ചക്കറിയുമെല്ലാം നൽകിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.

യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത് ഇന്നലെ രാവിലെ തങ്കി പള്ളിയിൽ സന്ദർശനം നടത്തി. തുടർന്ന് മുഹമ്മയിലും, പുത്തനമ്പലത്തിലും, പുത്തനങ്ങാടിയിലും വോട്ടു തേടി . പട്ടണക്കാട്, വയലാർ,പൊന്നിട്ടുശേരി എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു.