ചേർത്തല: ചേർത്തലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എൻ.ഡി.എ തയ്യാറാക്കിയ മാർഗ്ഗ രേഖ 'വിഷൻ ചേർത്തല 2021-2026' എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പ്രകാശനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ, സെക്രട്ടറി വി.എൻ. ബാബു എന്നിവർ വിഷൻ ചേർത്തല മാർഗ്ഗരേഖ ഏറ്റുവാങ്ങി.
യോഗം ഡയറക്ടർ ബോർഡംഗങ്ങളായ ബൈജു അറുകുഴി,അനിൽ ഇന്ദീവരം, എൻ.ഡി.എ നേതാക്കളായ എൽ.പി. ജയചന്ദ്രൻ, അഭിലാഷ് മാപ്പറമ്പിൽ, സാനു സുധീന്ദ്രൻ,ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് വി. പ്രകാശൻ കളപ്പുരയ്ക്കൽ, കൗൺസിലർ ആശാമുകേഷ്, അഡ്വ. പ്രേംകുമാർ, ആർ.എസ്.എസ് നേതാവ് ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
മാറുന്ന ചേർത്തലയ്‌ക്കൊരു മാസ്റ്റർ പ്ലാൻ എന്ന പേരിലുള്ള വിഷൻ ചേർത്തലയിൽ പുതിയ ചേർത്തല സൃഷ്ടിക്കാനുള്ള 150 ഇന പരിപാടികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്. ജ്യോതിസിന്റെ നേതൃത്വത്തിൽ നടത്തിയ പരിവർത്തന പദയാത്രയിൽ ജനങ്ങളുമായി നേരിട്ട് സംവദിച്ചും സമൂഹത്തിലെ നാനാ വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടായ്മകളിൽ നിന്നു സ്വരൂപിച്ച നിർദ്ദേശങ്ങളും വിശദമായി പഠിച്ചാണ് വിഷൻ ചേർത്തല തയ്യാറാക്കിയത്. കൃഷി, ടൂറിസം, കുടിവെള്ളം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, കയർ, വ്യവസായം, മത്സ്യബന്ധനം, സാംസ്‌കാരികം എന്നീ മേഖലകളിലായി കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പു വരുത്തി ചേർത്തലയുടെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സവിശേഷമായി നടപ്പാക്കാവുന്ന പദ്ധതികളാണ് എൻ.ഡി എ മുന്നോട്ടു വയ്ക്കുന്നത്. ചേർത്തലയുടെ മണ്ണിനിണങ്ങുന്ന പുതിയ നെൽവിത്ത് വികസിപ്പിച്ചെടുത്ത് ആസൂത്രിത നെൽകൃഷിയിലൂടെ കാർത്ത്യായനി ബ്രാൻഡ് അരി വിപണിയിലെത്തിക്കുന്നതടക്കമുള്ള ബൃഹത്തായ പദ്ധതികളുടെ നിരയാണ് വിഷൻ ചേർത്തലയിലുള്ളത്.