ആലപ്പുഴ: മുമ്പെങ്ങുമില്ലാത്തവിധം ശക്തമാണ് ഇത്തവണ ആലപ്പുഴയുടെ തീരങ്ങളിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അലയടികൾ. കാര്യങ്ങൾ പ്രവചനാതീതമായ അവസ്ഥ . അവസാന ലാപ്പിൽ ഓടിക്കയറുന്നത് ആരെന്നറിയാൻ ഗാലറിയിൽ ആകാംഷയോടെ കാത്തിരിക്കുകയാണ് വോട്ടർമാർ. തീപാറുന്ന പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
എല്ലാ തിരഞ്ഞെടുപ്പുകളിലും കുറിക്ക് കൊള്ളുന്ന വാക്കുകളിലൂടെ എതിരാളികൾക്കു നേരെ പടനയിച്ച വി.എസ്. അച്യുതാനന്ദനും ഗൗരി അമ്മയും ഇത്തവണ വിശ്രമത്തിലായിരുന്നു. എ.കെ. ആന്റണിയും വയലാർ രവിയും ആലപ്പുഴയിൽ കളത്തിലിറങ്ങിയില്ല. വർഷങ്ങളായി ആലപ്പുഴയെ നയിച്ച ജി.സുധാകരൻ, തോമസ് ഐസക്. പി. തിലോത്തമൻ എന്നിവരൊഴിഞ്ഞ മത്സരക്കളത്തിൽ ഇനി പിൻഗാമികളുടെ പോരാട്ടം. പുതുനിരയെ ഇറക്കിയുള്ള മുന്നണികളുടെ പോരാട്ടങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം ആളിപ്പടർന്നതോടെയാണ് കാര്യങ്ങൾ പ്രവചനാതീതമായത്. കഴിഞ്ഞ തവണ ചുവന്നു നിന്ന മണ്ഡലങ്ങളിലേക്ക് യു.ഡി.എഫ് പിടിച്ചു കയറുന്ന കാഴ്ചയാണ് അവസാനലാപ്പിൽ. താര പ്രചാരണ ശോഭയോടെ എൻ.ഡി.എയും കളം നിറഞ്ഞു.
ഇന്ന് പരസ്യപ്രചാരണത്തിന് തിരശീല വീഴും. നാളെ നിശബ്‌ദപ്രചാരണം. മറ്റന്നാൾ പോളിംഗ് ബൂത്തിൽ വിധിയെഴുത്ത്. ഫലമറിയാൻ ഒരു മാസത്തോളം കാത്തിരിക്കണം.
സ്ഥാനാർത്ഥികൾ അവസാനനിമിഷവും വോട്ടുറപ്പിക്കാനുള്ള പാച്ചിലിലാണ്. ഇത്തവണ ആലപ്പുഴയിൽ ചില അടിയൊഴുക്കളും മുന്നണികൾ ഭയപ്പെടുന്നു. മൂന്നു മന്ത്രിമാരെ മത്സരരംഗത്തു നിന്ന് മാറ്റിയതോടെ കൈപ്പിടിയിലിരുന്ന മണ്ഡലങ്ങളെ രാഷ്‌ട്രീയ പോരാട്ടക്കളത്തിലേക്ക് തള്ളിയിട്ടതായി ഇടതുമുന്നണിയിൽ തന്നെ വിമർശനമുയർന്നു. ഈ കച്ചിത്തുരുമ്പിൽ തൂങ്ങിയാണ് യു.എഫിന്റെയും എൻ.ഡി.എയുടെയും മുന്നേറ്റം.
വാശിയേറിയ ത്രികോണ മത്സരം
പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. അരൂർ, ചേർത്തല, കായംകുളം, കുട്ടനാട് , അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളിലാണ് കനത്ത പോരാട്ടം. തുടക്കത്തിൽ എൽ.ഡി.എഫിന് ഇവിടങ്ങളിലുണ്ടായിരുന്ന മേൽക്കോയ്‌മയ്‌ക്ക് ഒപ്പം യു.ഡി.എഫും എത്തിക്കഴിഞ്ഞു. അരൂർ, ചേർത്തല, കുട്ടനാട് മണ്ഡലങ്ങളിൽ എൻ.ഡി.എയും ഭീഷണിയുയർത്തുന്നു. ഈ സാഹചര്യത്തിലാണ് ചിലർ അടിയൊഴുക്ക് സാദ്ധ്യകൾ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളിൽ എട്ടും എൽ.ഡി.എഫ് നല്ല ഭൂരിപക്ഷത്തിൽ നേടിയെങ്കിൽ ഇത്തവണ വിജയക്കൊടി പാറിക്കാൻ നന്നേ വിയർപ്പൊഴുക്കണമെന്ന് വ്യക്തം. ഒട്ടും പ്രതീക്ഷിക്കാതെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അരിത ബാബു കായംകുളത്ത് ഇറങ്ങിയതോടെ സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ യു. പ്രതിഭ കടുത്ത മത്സരം നേരിടുകയാണ്. ഇടതുമുന്നണിയുടെ കുത്തക മണ്ഡലങ്ങളായ അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും സമാനമാണ് സ്ഥിതി. ഹരിപ്പാട്, അരൂർ മണ്ഡലങ്ങൾ നിലനിറുത്താുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. കുട്ടനാടും ഇത്തവണ അവർ പ്രതീക്ഷിക്കുന്നു. മാവേലിക്കര,ചെങ്ങന്നൂർ എന്നിവ മാത്രമേ നിലവിൽ എൽ.ഡി.എഫിന് ഉറപ്പിക്കാനാകുന്നുള്ളൂ. എന്നാൽ ചില അട്ടിമറികളെയും മുന്നണികൾ ഭയപ്പെടുന്നുണ്ട്.