ആലപ്പുഴ : നാടിളക്കിയുള്ള ശബ്ദപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. കലാശക്കൊട്ടില്ലെങ്കിലും പ്രചാരണാവസനത്തിൽ ആവേശം ഒട്ടും കുറയാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. ഇന്ന് വൈകിട്ട് ഏഴിനാണ് പരസ്യ പ്രചാരണം അവസാനിക്കുക. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്.
പ്രചാരണം അവസാനിക്കുന്നതിന്റെ തലേനാളായ ഇന്നലെ ഹൈ വോൾട്ടേജിലായിരുന്നു മൂന്ന് മുന്നണികളും. പ്രചാരണ വാഹനങ്ങൾ മത്സരിച്ച് തലങ്ങും വിലങ്ങും പാഞ്ഞു. വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള കൂടുതൽ ബോർഡുകളും പോസ്റ്ററുകളും നിരന്നു. ഫ്ലാഷ് മോബ്, നാടൻപാട്ട്, തെരുവു നാടകം ഉൾപ്പെടെയുള്ള കലാപരിപാടികളും പ്രചാരണം കൊഴുപ്പിച്ചു.
പ്രചാരണ വേദികളിൽ പ്രധാന നേതാക്കളുടെ സാന്നിദ്ധ്യവും സ്ഥാനാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടയുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ യു.ഡി.എഫ് ക്യാമ്പിന് ആവേശമായത്. ഇന്നലെ ചേർത്തലയിൽ അമിത് ഷാ എത്തിയതോടെ എൻ.ഡി.എ ക്യാമ്പും ആവേശത്തിലായി. കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സമ്മേളനങ്ങളിലെ വൻ ജനപങ്കാളിത്തമാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നത്. എസ്.രാമചന്ദ്രൻ പിള്ള അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും പി.തിലോത്തമനുമൊക്കെ ഇടതു ക്യാമ്പിനെ ആവേശത്തിലാക്കി.
നാളെ സ്ക്വാഡ് വർക്കിന്റെ ദിവസമാണ്. അവസാന വോട്ടും ഉറപ്പിക്കാനുള്ള ഭവനസന്ദർശനമുൾപ്പെടെയാണ് ഇതിന്റെ ഭാഗമായി നടക്കുക.
വോട്ടർമാർ മാത്രം
പരസ്യ പ്രചാരണം സമാപിച്ചതിനു ശേഷം, അതതു നിയോജകമണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്ത വ്യക്തികളുടെ സാന്നിദ്ധ്യം അനുവദിക്കില്ല. തിരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതു വരെ അനൗൺസ്‌മെന്റുകളും പാടില്ല.
ബൂത്തിന്റെ 100 മീറ്ററിൽ പ്രചാരണം പാടില്ല
തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ 100 മീറ്റർ പരിധിയിക്കുള്ളിൽ ഒരുതരത്തിലുള്ള പ്രചാരണവും അനുവദിക്കില്ല. ചുവരെഴുത്തുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ ഈ മേഖലയിൽ നിയന്ത്രിക്കും. 100 മീറ്ററിനുള്ളിൽ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. സ്ഥാനാർത്ഥിക്ക് ഒരു വാഹനം, ഇലക്ഷൻ ഏജന്റിന് ഒരു വാഹനം, പാർട്ടി പ്രവർത്തകർക്ക് ഒരു വാഹനം എന്നിവ മാത്രമേ അനുവദിക്കൂ. വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം സ്ഥാനാർത്ഥിയോ ബൂത്ത് ഏജന്റോ ഏർപ്പെടുത്താൻ പാടില്ല