ആലപ്പുഴ : ഒരേ വീട്ടിലെ താമസക്കാരായ, അച്ഛനും അമ്മയ്ക്കും ആലപ്പുഴ മണ്ഡലത്തിലും മകന് അമ്പലപ്പുഴ മണ്ഡലത്തിലും വോട്ട്. കൊറ്റംകുളങ്ങര വാർഡിൽ ശ്രീദേവി ഭവനത്തിൽ യു.സനിൽകുമാറിന്റെ പേരാണ് (40) വോട്ടേഴ്സ് ലിസ്റ്റിൽ മണ്ഡലം മാറി വന്നത്. അച്ഛൻ ഉണ്ണിക്കൃഷ്ണൻ നായർക്കും അമ്മ ശ്രീദേവിക്കും ആലപ്പുഴ മണ്ഡലത്തിലെ ആര്യാട് വി.എച്ച്.എസ്.എസിലാണ് വോട്ട്. സനിൽകുമാറിന്റെ വോട്ട് അമ്പലപ്പുഴ മണ്ഡലത്തിലെ കളർകോട് എൽ.പി സ്കൂളിലും. കഴിഞ്ഞ നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ സനിൽ കുമാർ വോട്ട് രേഖപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലാണ്. ഇന്നലെ വീട്ടിൽ വോട്ടേഴ്സ് സ്ലിപുമായി പാർട്ടി പ്രവർത്തകർ വന്നപ്പോഴാണ് ആലപ്പുഴ മണ്ഡലത്തിലെ ലിസ്റ്റിൽ പേരില്ലെന്ന് ശ്രദ്ധയിൽപ്പെട്ടനത്. പിന്നീടുള്ള അന്വേഷണത്തിൽ സനിൽ കുമാറിന്റെ പേരും അഡ്രസും അമ്പലപ്പുഴ മണ്ഡലത്തിലെ ലിസ്റ്റിൽ കണ്ടെത്തുകയായിരുന്നു. ഏതായാലും ഇത്തവണ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനാണ് സനിലിന്റെ തീരുമാനം. ആലപ്പുഴ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നയാൾക്ക് ചെയ്യാൻ കഴിയാത്തതിൽ വിഷമവുമുണ്ട്.