ഹരിപ്പാട്: കരുവാറ്റ സർവീസ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ കുറ്റപത്രം ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തോടൊപ്പം 137 സാക്ഷികൾ, 74 രേഖകൾ, 422 തൊണ്ടി സാധനങ്ങൾ , 15 പ്രമാണങ്ങളും പൊലീസ് സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കട കട്ടകോട് പാറക്കണ്ണി മേക്കും കരയിൽ ആൽബിൻ രാജ് (37) ആയിരുന്നു ഒന്നാം പ്രതി. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് വാടകയ്ക്ക് താമസിച്ചു വരുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടിൽ ഷൈബു (അപ്പുണ്ണി 39), തിരുവനന്തപുരം കാട്ടാക്കട മേലെ പ്ലാവിട വീട്ടിൽ ഷിബു(45) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഓണ അവധിക്കു ശേഷം സെപ്റ്റംബർ മൂന്നാം തീയതി ആണ് കരുവാറ്റ സർവീസ് സഹകരണ ബാങ്കിൽ മോഷണം നടന്നത് അറിയുന്നത്. 4.861കിഗ്രാം സ്വർണവും 4,43,743രൂപ യുമാണ് ഇവിടെനിന്നും കവർച്ച ചെയ്യപ്പെട്ടത്. ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമായ ഹോളിഡേ ഹണ്ടേഴ്സ് ആണ് പ്രതികളെ കണ്ടെത്തിയത്. ഹരിപ്പാട് സി ഐ ആർ. ഫയാസിനായിരുന്നു അന്വേഷണ ചുമതല.