ആലപ്പുഴ: തെരുവ് നായ്ക്കളെ ക്കുറിച്ചുള്ള ഭീതിയിലാണ് പല്ലന, തോട്ടപ്പള്ളി മേഖലയിലെ ജനങ്ങൾ. വാഹന യാത്രക്കാർക്കുപോലും രക്ഷയില്ലാത്ത വിധം തെരുവുനായ് ഭീഷണി ഉയർന്നിരിക്കുന്ന ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് പേർക്കും ഒരുപശുവിനും തെരുവ് നായ്ക്കളുടെ അക്രമത്തിൽ കടിയേറ്റിരുന്നു.
തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിലാണ് പകലും രാത്രിയിലും തെരുവ് നായ്ക്കളുടെ വിളയാട്ടം.
തോട്ടപ്പള്ളി ജംഗ്ഷൻ, മണിക്കൂർ ജംഗ്ഷൻ, കുട്ടികളുടെ പാർക്ക്, പൊഴിമുഖം, പുളിന്താഴ, പൂന്തോപ്പ്, പുലത്തറ ജംഗ്ഷൻ, പല്ലന വാട്ടർ ടാങ്ക് ജംഗ്ഷൻ എന്നിവടങ്ങളിലാണ് തെരുവ് നായ്ക്കൾ ഭീഷണി ഉയർത്തുന്നത്. പത്തിലധികം വരുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി റോഡിലൂടെ കടന്നു പോകുന്നവരെ ഭയപ്പെടുത്തുകയാണ്.
നിരവധി സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് കുട്ടികളുടെ പാർക്കും പൊഴിമുഖവും ബീച്ചും. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കുട്ടികളുമായി എത്തുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷം തൃക്കുന്നപ്പുഴ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ രാത്രിയിൽ എത്തുന്ന യാത്രക്കാർ പലപ്പോഴും നടന്നോ ഇരുചക്രവാഹനങ്ങളിലോ ആണ് പോകാറുള്ളത്. നായ്ക്കൾ കൂട്ടത്തോടെ ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ ഓടുന്ന കാഴ്ച കാണാം. കുട്ടികളുടെ പാർക്കിന് സമീപമാണ് തോട്ടപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും പീലിംഗ് ഷെഡുകളിൽ നിന്നുള്ള ചെമ്മീൻതോടും ഇടച്ചക്കടകളിലെ അറവ് മാലിന്യവും നിക്ഷേപിക്കുന്നത്. ഇവ കഴിക്കാനായാണ് ഈ പ്രദേശങ്ങളിൽ നായ്ക്കൾ കൂട്ടമായെത്തുന്നത്.
എ.ബി.സി പദ്ധതി നടപ്പാക്കാതെ അലംഭാവം;
പെറ്റുപെരുകി തെരുവുനായ്ക്കൾ
തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി പദ്ധതി പുറക്കാട് പഞ്ചായത്തിൽ നടപ്പാക്കുന്നതിൽ പഞ്ചായത്ത് ഭരണാധികാരികൾ തികഞ്ഞ അലംഭാവം കാട്ടിയതാണ് പ്രദേശത്ത് ഇത്രയും അധികം തെരുവ് നായ്ക്കൾ വർദ്ധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും നായ്ക്കളുടെ ആക്രമണം പതിവായി മാറി. പീലിംഗ് ഷെഡിൽ നിന്നുള്ള പച്ചത്തോട് പൊഴിയിലെ ജലത്തിലേക്ക് തള്ളുന്നത് തടയാൻ പഞ്ചായത്ത് അധികാരികൾ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ മൂന്ന് പേരെ കടിച്ചു കീറിയത് പഞ്ചായത്ത് മെമ്പറുടെ വീടിന് സമീപമായിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായി.
കാലിലെയും കൈയിലെയും മാംസം കടിച്ചുപറിച്ചു
പുറക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിലാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് സി.പി.ഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കും ഒരു പശുവിനും കടിയേറ്റത്. സി.പി.ഐ തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി തോട്ടപ്പള്ളി പൊരിയന്റ് പറമ്പിൽ മധു(55), ലോക്കൽ കമ്മിറ്റി അംഗം വാഴക്കൂട്ടത്തിൽ വീട്ടിൽ രാജൻ(70) ആക്രിസാധാനങ്ങൾ പെറുക്കാൻ എത്തിയ നാടോടി യുവാവ് എന്നിവർക്കും തോട്ടപ്പള്ളി പുത്തൻകണ്ടത്തിൽ കമലക്ഷിയുടെ പശുവിനുമാണ് കടിയേറ്റത്. രാജന്റെ കാലിലും കൈയ്യിലും കടിച്ച് മാംസം പറിച്ചെടുത്തു.