ആലപ്പുഴ: കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷനിട്ട മൂക്കുകയർ പൊട്ടിച്ചുകൊണ്ട് ആവേശം അണപൊട്ടിയ ഇന്നലത്തെ വൈകുന്നേരം ശബ്ദഘോഷത്തിന്റേതായി. റോഡ് ഷോ, ചെണ്ട-ബാൻഡ് മേളങ്ങൾ, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടെയായിരുന്നു പലേടത്തും കൊട്ടിക്കലാശം.

 അമ്പലപ്പുഴ

വട്ടപ്പള്ളിയിലായിരുന്നു യു.ഡി.എഫ് പ്രചാരണ സമാപനം. കഞ്ഞിപ്പാടത്ത് നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം.ലിജുന്റെ, തുറന്ന ജീപ്പിലുള്ള പര്യടനം ആരംഭിച്ചത്. പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിൽ തീരത്തുകൂടി ഓട്ടപ്രദഷിണം നടത്തി ആലപ്പുഴ നഗരസഭയിലെ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച് വട്ടപ്പള്ളിയിൽ സമാപിച്ചു. പ്രധാന ജംഗ്ഷനുകളിലും റോഡിന്റെ വശങ്ങളിലും പ്രവർത്തകർ ആവേശത്തോടെയാണ് ലിജുവിനെ സ്വീകരിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാം രാവിലത്തെ വോട്ട് അഭ്യർത്ഥനയ്ക്കു ശേഷം വൈകിട്ട് തോട്ടപ്പള്ളയിൽ നിന്ന് ജീപ്പിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ റോഡ്ഷോ ആലപ്പുഴ നഗരത്തിലെ ആലിശേരിയിൽ സമാപിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി രാവിലെ തിരുവമ്പാടിയിൽ നിന്ന് പ്രചാരണം ആരംഭിച്ചു. തുറന്ന ജീപ്പിലെ പര്യടനം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലൂടെയും സഞ്ചരിച്ച് അമ്പലപ്പുഴ കച്ചേരിമുക്കിൽ സമാപിച്ചു. റോഡ്‌ഷോയിൽ എൻഡി.എ നേതാക്കളും ഉണ്ടായിരുന്നു.

 ആലപ്പുഴ


യു. ഡി. എഫ് സ്ഥാനാർഥി ഡോ. കെ.എസ് മനോജ് മരണവീടുകളും കല്യാണവീടുകളും സന്ദർശിച്ചു. ഉച്ചയ്ക്ക് 2.30ന് വലിയകലവൂരിൽ നിന്ന് നിരവധി ഓട്ടോ റിക്ഷകളുടെ അകമ്പടിയോടെ റോഡ്‌ഷോ ആരംഭിച്ചു. നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയുടെ വാർഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളും ചുറ്റി സഞ്ചരിച്ചു. വൈകിട്ട് 6.30ന് കലവൂരിൽ സമാപിച്ചു. പൊതുസമ്മേളനം ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ. ഡി.സുഗതൻ, അഡ്വ. എം.രവീന്ദ്രദാസ്, കെ.വി.മേഘനാഥൻ, തോമസ്‌ ജോസഫ്, സിറിയക്ക് ജേക്കബ്, അഡ്വ. ജി.മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജൻ രാവിലെ ജില്ലാ കോടതി ജംഗ്ഷനിൽ നിന്ന് ജീപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലെ വാർഡുകളിലൂടെയും സഞ്ചരിച്ച് വൈകിട്ട് മണ്ണഞ്ചേരിയിലെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ പര്യടനം രാവിലെ വളവനാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. ജില്ലാ കോടതി ജംഗ്ഷനിലായിരുന്നു സമാപനം.