t

ആലപ്പുഴ: പ്രചാരണക്കലാശം കൊട്ടിയിറങ്ങിയതോടെ കൂട്ടിക്കിഴിക്കലുകളുടെ മണിക്കൂറുകളാണ് ഇനി. ജയത്തിൽ കുറഞ്ഞ് മറ്റൊന്നും സംസാരിക്കാനില്ല മുന്നണി നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും. ഒരു മാസത്തോളം കൊണ്ട വെയിലിനും അനുഭവിച്ച ടെൻഷനും മുടക്കിയ കാശിനും പകരം വയ്ക്കാൻ വിജയം മാത്രമേയുള്ളൂ മുന്നിൽ. അതുകൊണ്ട് എന്തു വിലകൊടുത്തും ഒന്നാമതെത്താൻ അവസാന അടവുകൾ പുറത്തെടുക്കുന്ന മണിക്കൂറുകളാണ് ഇനിയുള്ളത്. നേതാക്കളുടെ പ്രതികരണങ്ങൾ...

 ജില്ലയിൽ ഇടതുപക്ഷം ചരിത്രവിജയം നേടും. ഒമ്പതിൽ ഒമ്പത് സീറ്റിലും എൽ.ഡി.എഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കും. സർക്കാരിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ പൂർത്തീകരിച്ച് എല്ലാ മേഖലയിലും വികസനം എത്തിച്ചു. മഹാപ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലയായിരുന്നു ആലപ്പുഴ. അതിൽ നിന്ന് കരകയാറാനായി. ആശ്വാസ പ്രവർത്തനങ്ങളുമായി മുൻപന്തിയിൽ നിന്നത് ഇടതുപക്ഷമാണ് . കുട്ടനാടൻ കാർഷിക മേഖലയിലും വൻ കുതിപ്പുണ്ടായി. പൊതുവിതരണ സമ്പ്രദായം, തീരസംരക്ഷണം, തുടങ്ങി എല്ലാ മേഖലയിലും നടത്തിയ വികസനം ഏറെ പ്രശംസിക്കപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണവും മാതൃകയാണ്. ആരോഗ്യ മേഖലയിലെ മാറ്റം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി. എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണമാണ് ആഗ്രഹിക്കുന്നത്

ആർ.നാസർ, ജില്ലാ സെക്രട്ടറി, സി.പി.എം

.......................

 ജില്ലയിലെ ഒൻപത് സീറ്റും യു.ഡി.എഫ് നേടും. കിറ്റ് വിതരണത്തിൽ അഴിമതിയാണ്. ധൂർത്തും ആർഭാടവും ബന്ധു നിയമനവും കൊണ്ട് പൊറുതിമുട്ടി. നുണപറയുന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളെ ബോദ്ധ്യപെടുത്താൻ കഴിഞ്ഞതിനാൽ സത്യം മനസിലാക്കി ജനം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യും. അഴിമതി കരാറുകൾ മാത്രം നടപ്പിലാക്കിയ സർക്കാരാണിത്. ഓഖിയുലും പ്രളയത്തിലും സർക്കാരിന് കിട്ടിയ പണം ജനങ്ങൾക്ക് നൽകിയില്ല. ദേശീയനേതാക്കളായ രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വരവ് ജില്ലയിൽ പ്രവർത്തകരിലും വോട്ടർമാരിലും ആവേശമായി. ശബരിമലയിൽ വിഷയത്തിൽ നിയമം കൊണ്ടുവരും.

എ.എ. ഷുക്കൂർ ഡി.സി.സി പ്രസിഡന്റ് ഇൻ ചാർജ്

............................

 ജില്ലയിൽ എൻ.ഡി.എ രണ്ട് സീറ്റിൽ കുറയാത്ത വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കടുതൽ വോട്ട് ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കും. കേന്ദ്രസർക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികളും തൊഴിൽ പദ്ധതികളും വോട്ടർമാരെ ബോദ്ധ്യപ്പെടുത്തിയുള്ള പ്രവർത്തനമാണ് എൻ.ഡി.എ നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും അഴിമതിയിലും പൊറുതി മുട്ടിയ ജനങ്ങൾ എൻ.ഡി.എയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും

പി.കെ.വാസുദേവൻ, പ്രസിഡന്റ് ഇൻ ചാർജ്, ബി.ജെ.പി ജില്ലാ കമ്മിറ്റി