ആലപ്പുഴ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മുന്നിലുണ്ടായിരുന്നത് കഷ്ടിച്ച് ഒരു മാസം. പാർട്ടിയിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങൾ പറഞ്ഞു തീർത്ത് സ്ഥാനാർത്ഥികൾ കളത്തിലിറങ്ങാൻ പിന്നെയും വേണ്ടിവന്നു ഒന്നുരണ്ടാഴ്ച. ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചവർ ആദ്യ ലാപ്പിൽ മുന്നേറി. മറ്റുള്ളവർ പിന്നെ അധികം വൈകിയില്ല. എന്തായാലും അവസാന ലാപ്പെത്തിയപ്പോൾ ഒപ്പത്തിനൊപ്പമായി എല്ലാവരും. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി നിരോധിച്ച കൊട്ടിക്കലാശം കമ്മിഷന്റെ അറിയിപ്പിൽ മാത്രമൊതുങ്ങി. പരസ്യ പ്രചാരണത്തിന് സമാപനം നിശ്ചയിച്ചിരുന്ന ഇന്നലെ വൈകിട്ട് മണ്ഡലങ്ങളിലെ നിശ്ചിത കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളെ മുന്നിൽ നിറുത്തി പ്രവർത്തകർ ആവേശക്കൊടുമുടിയിലേക്ക് കൊട്ടിക്കയറിയപ്പോൾ, മുൻകാല തിരഞ്ഞെടുപ്പ് പ്രചാരണ സമാപനങ്ങൾക്കു സമാനമായിരുന്നു പലേടത്തെയും കാഴ്ച.
പ്രചാരണ കാലയളവിൽ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച സംഭവവികാസങ്ങൾക്ക് ആലപ്പുഴയും സാക്ഷ്യം വഹിച്ചു. പുന്നപ്ര വയലാർ സ്മാരകത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി പുഷ്പാർച്ച നടത്തിയതും കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീടിനു നേരെ ആക്രമണം നടന്നതും വാർത്തയായി. ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മുൻ നേതാവ് മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ സി.പി.ഐ നേതാവ് പാർട്ടി വിട്ട് കുട്ടനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവാണ് ചേർത്തലയിൽ എൻ.ഡി.എ സ്ഥാനാർത്ഥി. മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർക്ക് സീറ്റ് ലഭിക്കാതിരുന്നതും ചർച്ചയായി.
9 മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയിൽ ഭൂരിഭാഗം മണ്ഡലങ്ങളും സ്വന്തം അക്കൗണ്ടിലുള്ള എൽ.ഡി.എഫ് അവ നിലനിറുത്താനുള്ള തത്രപ്പാടിലാണ്. ജില്ലയിൽ ഇടതുമുന്നണിയുടെ ഉള്ളിലുണ്ടായ പൊട്ടലും ചീറ്റലും വളമാക്കി പരമാവധി സീറ്റുകൾ തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്. അട്ടിമറി ലക്ഷ്യമിട്ടിറങ്ങിയ ബി.ജെ.പിക്ക് പ്രമുഖ മുന്നണി നേതാക്കൾ കളം മാറി ഒപ്പമെത്തിയത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഇന്നലെ രാത്രി മുതൽ നാളെ പോളിംഗ് സമയം തീരുംവരെയുള്ള മണിക്കൂറുകൾ അടിയൊഴുക്കുകൾക്ക് 'അനുകൂല'മാണ്. വാഗ്ദാനങ്ങളെത്തുടർന്ന് കാലുവാരുന്നവർ മുതൽ പണത്തിനും, മദ്യത്തിനും പകരം വോട്ട് ഉറപ്പ് നൽകി മറുകണ്ടം ചാടുന്ന വോട്ടർമാർ വരെയുണ്ട് കൂട്ടത്തിൽ.
കൂട്ടിയും കിഴിച്ചും
വോട്ടർമാർ കൃത്യമായ വിലയിരുത്തൽ നടത്തിയാണ് നാളെ ബൂത്തിലേക്ക് എത്തുന്നത്. പ്രത്യേകിച്ചും നിഷ്പക്ഷർ. ഒരു പാർട്ടിയോടും ചായ് വില്ലാത്ത വോട്ടർമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പരിശോധിക്കുന്നത്. ഭരണമുന്നണിയുടെ പ്രവർത്തനങ്ങൾ, പ്രതിപക്ഷത്തിന്റെ ഇടപെടലുകൾ തുടങ്ങിയവയെല്ലാം പരിഗണിക്കപ്പെടും.
കരുതലിന്റെ കേന്ദ്രം
സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ഇന്നലെ വൈകിട്ട് 7 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ മദ്യശാലകൾക്ക് പൂട്ടുവീണു. അറിയിപ്പ് മുൻകൂട്ടി നൽകിയിരുന്നതിനാൽ കലാശക്കൊട്ടിനെ വെല്ലുന്ന തിരക്കാണ് ഇന്നലെ പകൽ മദ്യവില്പന ശാലകൾക്കു മുന്നിൽ അനുഭവപ്പെട്ടത്. കരുതൽ ശേഖരണാർത്ഥം കൂട്ടമായെത്തിയാണ് പലരും മദ്യം വാങ്ങിയത്. അടുത്ത ദിവസങ്ങളിൽ അനധികൃത മദ്യക്കച്ചവടത്തിന് സാദ്ധ്യതയുള്ളതിനാൽ എക്സൈസും പൊലീസും ജാഗ്രതയിലാണ്.
പാട്ടിലാക്കാൻ പാട്ട്
ജനമനസിൽ തങ്ങി നിൽക്കുന്ന ഗാനങ്ങളാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാന മുന്നണികൾ പുറത്തിറക്കിയത്. ഇതിനകം ഹിറ്റായി മാറിയ ഗാനങ്ങൾ മൂളി നടക്കുന്നവർ അത് വോട്ടാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകി ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച 'നമ്മളെ നയിച്ചവർ ജയിക്കണം' എന്നതാണ് ഇടതുമുന്നണിയുടെ ഒദ്യോഗിക പ്രചാരണ ഗാനം. ചോപ്പ് എന്ന സിനിമയ്ക്ക് വേണ്ടി മുരുകൻ കാട്ടാക്കട എഴുതി ആലപിച്ച 'മനുഷ്യനാകണം, മനുഷ്യനാകണം, ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ', 'പാതയോരങ്ങളേ, ഭൂതകാലങ്ങളെ...' തുടങ്ങിയ ഗാനങ്ങളും ഇടത് പോർക്കളത്തിൽ ഹിറ്റാണ്. ചലച്ചിത്ര പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീരാമും ചേർന്ന് ആലപിച്ച 'നാടു നന്നാകാനായി നാട്ടാരും ഒന്നാകാനായി' എന്നതാണ് യു.ഡി.എഫിന്റെ ഔദ്യോഗിക പ്രചാരണ ഗാനം. കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ആലപിച്ച 'പോന്നിടൂ, പോർക്കളം മാറ്റിമറിക്കാം...' എന്ന ഗാനം യു.ഡി.എഫ് കളത്തിൽ തരംഗമായിരുന്നു.