അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ ഇന്ന് ഉച്ചക്ക് 12ന് കൊവിഡ് നിയന്ത്രണങ്ങളോടെ നടക്കും. ദേവസ്വം ജീവനക്കാർ ഉൾപ്പടെ 200 പേർക്ക് മാത്രമാണ് ഇക്കുറി സദ്യ ഒരുക്കുന്നത്.
നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളടങ്ങിയതാണ് സദ്യ വട്ടം. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പൊലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തിൽ മുങ്ങി ദർശനം നടത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.
ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യയ്ക്ക് പിന്നിലെ ഐതിഹ്യമിങ്ങനെ: ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു നാടകശാലയിൽ. ഭഗവാൻ ബാലന്റെ വേഷത്തിൽ സദ്യയ്ക്ക് നെയ്യ് വിളമ്പുന്നതാണ് അവിടെയെത്തിയ സ്വാമിയാർ കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്ന് വിശ്വാസം.