ആലപ്പുഴ: ഏതു മുന്നണി ഭരിച്ചാലും ഭരണത്തോട് ഏതെങ്കിലും വിധത്തിലൊരു ഇഴയടുപ്പമുണ്ടാവാറുള്ള നാടാണ് ആലപ്പുഴ. മുഖ്യമന്ത്രിമാർ മുതൽ പ്രതിപക്ഷ നേതാക്കന്മാർ വരെ പ്രതിനിധീകരിച്ച ജില്ല. തലമുതിർന്ന നേതാക്കളായ കെ.ആർ.ഗൗരിഅമ്മയുടെയും, വി.എസ്.അച്യുതാനന്ദന്റെയും ജന്മനാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് മന്ത്രിമാരെയാണ് ജില്ലയ്ക്ക് സമ്മാനിച്ചത്. ഭരണം ലഭിച്ചാൽ താക്കോൽ സ്ഥാനത്തേക്ക് തയ്യാറെടുക്കുന്ന രമേശ് ചെന്നിത്തല മുതൽ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയ നിരവധിപ്പേരുടെ സ്ഥാനാർത്ഥിത്വം കൊണ്ട് സമ്പന്നമാണ് ജില്ല.
................
വന്ന വഴി
മന്ത്രിമാർക്ക് അവസരം നഷ്ടപ്പെട്ടതിനാലും, പോസ്റ്റർ വിവാദമടക്കം പാളയത്തിലെ പടയൊരുക്കം കൊണ്ടും ആദ്യം ചർച്ചാവിഷയമായത് ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളാണ്
സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട അഡ്വ.പി.എസ്.ജ്യോതിസും, തമ്പി മേട്ടുതറയും ഇടതിൽ നിന്ന് ബി.ഡി.ജെ.എസ് വഴി എൻ.ഡി.എ പാളയത്തിൽ ചേക്കേറി
കായംകുളം യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ 'പാൽക്കാരി' ജീവിതം ശ്രദ്ധാകേന്ദ്രമായി
പുന്നപ്ര വയലാർ സ്മാരകത്തിൽ ആലപ്പുഴ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി നടത്തിയ പുഷ്പാർച്ചനവിവാദമായി
ഇരട്ടവോട്ട് വിവാദം പുറത്ത് കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന്റെ അമ്മയ്ക്ക് ഇരട്ട വോട്ട് കണ്ടെത്തി
കായംകുളത്ത് അരിത ബാബുവിന്റെ വീടിന് നേരെ അക്രമണം
ചേർത്തലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വധഭീഷണി സന്ദേശം
............................
ചരിത്രമായി ഗൗരിഅമ്മ, വോട്ടില്ലാതെ വി.എസ്
80 വയസ് പിന്നിട്ടവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനം ആദ്യമായി നിലവിൽ വന്നപ്പോൾ അതിന്റെ ഭാഗമായി ചരിത്രത്തിൽ വീണ്ടും പേര് ചേർക്കപ്പെട്ട നേതാവാണ് കെ.ആർ.ഗൗരിഅമ്മ. എല്ലാ തിരഞ്ഞെടുപ്പുകളിലും പറവൂർ സ്കൂളിലെത്തി സമ്മതിദാനം വിനിയോഗിക്കാറുള്ള വി.എസ് അനാരോഗ്യം മൂലം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എത്തിയില്ല. ഇത്തവണ ആബ്സന്റീ വോട്ടിനുള്ള അവസരവും ലഭിച്ചില്ല.
..................
എൽ.ഡി.എഫ്
ജില്ലാ പഞ്ചായത്തിൽ നിന്ന് നിയമസഭയിലെത്താൻ ദലീമ ജോജോ, ഭക്ഷ്യമന്ത്രിയുടെ ചേർത്തല നിലനിറുത്താൻ സി.പി.ഐയുടെ പി.പ്രസാദ്, തോമസ് ഐസക്കിന്റെ ഹാട്രിക്കിന് പിന്തുടർച്ചക്കാരനാവാൻ ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ, ജി.സുധാകരന്റെ വികസന നേട്ടങ്ങളുടെ ബലത്തിൽ അമ്പലപ്പുഴയിൽ എച്ച്.സലാം, ജ്യേഷ്ഠന്റെ പാരമ്പര്യം കാക്കാൻ കുട്ടനാട്ടിൽ എൻ.സി.പി തോമസ് കെ.തോമസ്, പ്രതിപക്ഷ നേതാവിനെ പരാജയപ്പെടുത്താൻ ഹരിപ്പാട്ട് അഡ്വ.ആർ.സജിലാൽ, ഗ്രൗണ്ട് സപ്പോർട്ട് വോട്ടാകുമെന്ന ആത്മവിശ്വാസത്തിൽ കായംകുളത്ത് യു.പ്രതിഭ, ആർ.രാജേഷ് എം.എൽ.എയുടെ വികസന നേട്ടങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിൽ മാവേലിക്കരയിൽ എം.എസ്.അരുൺകുമാർ, ചെങ്ങന്നൂരിൽ തുടർച്ചയായ രണ്ടാം വിജയത്തിന് സജി ചെറിയാൻ
യു.ഡി.എഫ്
കൈയിൽ കിട്ടിയ അരൂർ നിലനിറുത്താൻ അഡ്വ. ഷാനിമോൾ ഉസ്മാൻ, ചേർത്തലയിൽ യുവത്വം കൊണ്ടുവരാൻ എസ്.ശരത്, ആലപ്പുഴയെ തിരിച്ച് പിടിക്കാൻ മുൻ എം.പി ഡോ. കെ.എസ്.മനോജ്, അമ്പലപ്പുഴയിൽ പ്രതീക്ഷയോടെ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, കുട്ടനാട് തിരിച്ചെടുക്കാൻ ജേക്കബ് എബ്രഹാം, മാവേലിക്കരയിൽ കെ.കെ. ഷാജു, ഹരിപ്പാടിന്റെ നായകനെന്ന ശുഭാപ്തിവിശ്വാസത്തിൽ രമേശ് ചെന്നിത്തല, ട്രെൻഡും പബ്ലിസിറ്റിയും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ കായംകുളത്ത് അരിത ബാബു, മാവേലിക്കരയിൽ വീണ്ടും ജയിക്കാൻ കെ.കെ.ഷാജു, ചെങ്ങന്നൂർ തിരിച്ചു പിടിക്കാൻ എം. മുരളി
എൻ.ഡി.എ
അരൂരിൽ പെൺപടയെ വെട്ടാൻ ബി.ഡി.ജെ.എസിന്റെ ടി.അനിയപ്പൻ, ചേർത്തലയിൽ കളംമാറി എത്തിയ പി.ജ്യോതിസ്, അട്ടിമറിക്കൊരുങ്ങി ആലപ്പുഴയിൽ സന്ദീപ് വാചസ്പതി, അമ്പലപ്പുഴയിൽ പ്രതീക്ഷയോടെ അനൂപ് ആന്റണി, ഹരിപ്പാട്ട് ചരിത്രമെഴുതാൻ കെ.സോമൻ, കുട്ടനാട്ടിൽ മുൻ സി.പി.ഐ നേതാവ് തമ്പി മേട്ടുതറ, കായംകുളത്ത് ബി.ഡി.ജെ.എസിന്റെ പി.പ്രദീപ് ലാൽ, മാവേലിക്കരയിൽ മാറ്റം തേടി കെ.സഞ്ജു, ചെങ്ങന്നൂരിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ