കായംകുളം: കായംകുളത്ത് മുന്നണികളുടെ പരസ്യ പ്രചാരണത്തിന് ആവേശകരമായ സമാപ്തി.
ഉച്ചതിരിഞ്ഞതോടെ പ്രകടനങ്ങളും ചെറിയ വാഹനറാലിയും കാതടപ്പിയ്ക്കുന്ന അനൗൺസ്മെന്റ് വാഹനങ്ങളും നാടും നഗരവും കീഴടക്കിയിരുന്നു. കലാശക്കൊട്ട് തടയാൻ നഗരം സായുധ സേനയുടെ കാവലിലായിരുന്നുവെങ്കിലും അതൊക്കെ മറികടക്കുന്ന രംഗങ്ങൾക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. ആറുമണിയോടെ പൊലീസും സായുധസേനാംഗങ്ങളും നഗരത്തിലെ റോഡുകളുടെയും ജംഗ്ഷനുകളുടേയും നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ ആരവങ്ങൾ നിയന്ത്രണവിധേയമായി. എന്നാൽ പന്നീട് ഒരു നിയന്ത്രണവും ഇല്ലാതെ മുന്നണികൾ നഗരം കീഴടക്കുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയും യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവും എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാലും തുറന്ന ജീപ്പിൽ വോട്ട് അഭ്യർത്ഥിച്ചു. കൂടെ വാഹനങ്ങളുടെ വൻ റാലിയും നടന്നു.