തുറവൂർ: പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ ഇന്നലെ പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള പാച്ചിലിലായിരുന്നു അരൂരിലെ മുന്നണി സ്ഥാനാർത്ഥികൾ. റോഡ് ഷോ, തീരദേശ പദയാത്ര തുടങ്ങിയവയോടെയാണ് അവസാനവട്ട പ്രചാരണത്തിന് തിരശീലയിട്ടത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ദെലീമ ജോജോയുടെ പ്രചാരണം ഇന്നലെ രാവിലെ പെരുമ്പളം ദ്വീപിൽ റോഡ് ഷോയോടെ ആരംഭിച്ചു. തുടർന്ന് പാണാവള്ളി ചേമ്പാട് ലക്ഷം വീട്ടിൽ നടന്ന കുടുംബയോഗത്തിൽ പങ്കെടുത്തു.തുറവൂരിലെ വീടുകളിലും കടകമ്പോളങ്ങളിലും വോട്ടു തേടി. വൈകിട്ട് തീരദേശ മേഖലയിൽ നടന്ന പദയാത്രയിൽ പങ്കെടുത്തു.എ.എം.ആരിഫ് എം.പി, അഡ്വ.എൻ.പി.ഷിബു തുടങ്ങിയ നേതാക്കളോടൊപ്പം നൂറ് കണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിക്കൊപ്പം അണി ചേർന്നു. ചാപ്പക്കടവിൽ നിന്ന് ആരംഭിച്ച തീരദേശ പദയാത്ര അന്ധകാരനഴിയിൽ സമാപിച്ചു. യു. ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ രാവിലെ പെരുമ്പളത്ത് നിന്ന് പര്യടനം ആരംഭിച്ചു. തുടർന്ന് തൈക്കാട്ടുശ്ശേരി, തുറവൂർ, കോടംതുരുത്ത് ഈസ്റ്റ്, കുത്തിയതോട് ഈസ്റ്റ് എന്നിവിടങ്ങളിൽ വോട്ട് തേടി വൈകിട്ട് റോഡ് ഷോയോടെ തുറവൂർ ജംഗ്ഷനിൽ സമാപിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി ടി.അനിയപ്പൻ രാവിലെ അരൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജീപ്പിൽ അരൂർ മണ്ഡലത്തിൽ പര്യടനം നടത്തി.