ചേർത്തല: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ചു പിടിക്കാൻ യു.ഡി.എഫും അട്ടിമറി വിജയം നേടാൻ എൻ.ഡി.എയും സജീവമായി രംഗത്തുള്ളതിനാൽ ചേർത്തലയിൽ അവസാന നിമിഷങ്ങളും ആവേശ കൊടുമുടിയിലായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദിന്റെ വാഹന പര്യടനം രാവിലെ 9 മണിയോടെ മാടയ്ക്കലിൽ നിന്നാരംഭിച്ചു. ഓരോ കേന്ദ്രങ്ങളിലും പ്രവർത്തകർ രക്തപതാകയേന്തി കാത്തു നിന്നു. വൈകിട്ട് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പര്യടനം അവസാനിപ്പിച്ചു. ഇന്നത്തെ നിശബ്ദ പ്രചാരണത്തിൽ നേതാക്കളും പ്രവർത്തകരും ഭവന സന്ദർശനം നടത്തും.
യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. ശരത്തിന്റെ വാഹന പ്രചരണ ജാഥ കഞ്ഞിക്കുഴി കൂറ്റുവേലിയിൽ നിന്നാണ് ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം മണിക്കൂറോളം കാത്തു നിന്ന് ശരത്തിന് വരവേൽപ്പ് നൽകി. വൈകിട്ടോടെ ചേർത്തല ദേവീ ക്ഷേത്രത്തിന് മുന്നിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പ്രചാരണം സമാപിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്. ജ്യോതിസിന്റെ വാഹന പ്രചാരണ ജാഥ മുഹമ്മയിൽ നിന്ന് രാവിലെ ആരംഭിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു യാത്ര. കഞ്ഞിക്കുഴിയിലും സമീപ പ്രദേശങ്ങളിലും വമ്പിച്ച സ്വീകരണ മാണ് ഒരുക്കിയത്. കമ്മ്യൂണിസ്റ്റ് കേന്ദ്രമായ വയലാറിലും വലിയ സ്വീകരണമാണ് ജ്യോതിസിന് ലഭിച്ചത്. വിജയ പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. പ്രചാരണ രംഗത്ത് ശബരിമല വിഷയം സജീവ ചർച്ചയാക്കാൻ കഴിഞ്ഞത് നേട്ടമായെന്നും നേതാക്കൾ പറയുന്നു. വൈകിട്ട് 6.30 ഓടെ കഞ്ഞിക്കുഴിയിൽ പര്യടനം സമാപിച്ചു.