issac

ആലപ്പുഴ : കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നൽകിയതിന്റെ നാലിരട്ടി തുകയാണ് ഇടത് സർക്കാർ സാമൂഹ്യ ക്ഷേമപെൻഷനായി വിതരണം ചെയ്തതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ഘട്ടത്തിലെങ്കിലും എൽ.ഡി.എഫ് സർക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ച് സംവാദത്തിന് ഉമ്മൻ ചാണ്ടി തയ്യാറായത് സ്വാഗതാർഹമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

. യു.ഡി.എഫ് കാലത്ത് 9311 കോടി രൂപ വിതരണം ചെയ്തപ്പോൾ, മുൻ കുടിശ്ശിക ഉൾപ്പെടെ 35157 കോടി രൂപ ഇടത് സർക്കാർ പെൻഷനായി വിതരണം ചെയ്തു. പരാജയ ഭീതി മൂലം ഉമ്മൻചാണ്ടി കള്ളം പറയുകയാണ്. കിഫ്‌ബി വഴി നടപ്പാക്കുന്ന 60,000 കോടിയുടെ പദ്ധതികൾ തുടരുമോയെന്ന് ഉമ്മൻ ചാണ്ടി പറയണം. ന്യായ് പദ്ധതി നടപ്പാക്കാനുള്ള രണ്ട് ലക്ഷം കോടി രൂപ എവിടെ നിന്ന് കണ്ടെത്തുമെന്നും വ്യക്തമാക്കണം.

എൽ.ഡി.എഫിന് നൂറിനടുത്ത് സീറ്റുകൾ ലഭിക്കും.മഞ്ചേശ്വരത്തും നേമത്തും എൽ.ഡി.എഫിന്റെ വോട്ട് കിട്ടുമെന്ന് മുല്ലപ്പള്ളി കരുതേണ്ട. മഞ്ചേശ്വരത്ത് ഇടത് മുന്നണി ജയിക്കും. നേമത്ത് യു.ഡി.എഫ് എത്രാം സ്ഥാനത്തെത്തുമെന്ന് കാത്തിരുന്നു കാണാം. പി.ഡി.പി പരസ്യമായി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ആർ.എസ്.എസിന്റെ ഒഴികെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നായിരുന്നു ഐസക്കിന്റെ പ്രതികരണം.