കായംകുളം: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാബാബുവിനെതിരെ എ.എം. ആരിഫ് എം.പിയുടെ വിവാദ പരാമർശം. 'ഇവിടെ സ്ഥാനാർത്ഥിയുടെ പ്രാരാബ്ദ്ധങ്ങളാണ് മാനദണ്ഡമെങ്കിൽ അവർ അത് പറയട്ടെ. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കാൻ പോകുന്നത്, നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണിതെന്ന് യു.ഡി.എഫ് ഓർക്കണം" എന്നായിരുന്നു ആരിഫിന്റെ പരാമർശം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കായംകുളത്ത് നടന്ന വനിതാസംഗമത്തിലാണ് എ.എം. ആരിഫിന്റെ വിവാദ പ്രസംഗം. ആരിഫിന്റെ പരാമർശം കൈയടിയോടെ ആസ്വദിക്കുന്നവരെയും വിഡിയോയിൽ കാണാം. അതേസമയം അരിതയെ അപമാനിച്ച എം.പി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
വിഡിയോ പുറത്തുവന്നതോടെ വലിയ രോഷമാണുയരുന്നത്. നേരത്തേ അരിതയെ കറവക്കാരി എന്ന് വിളിച്ച് സൈബർ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ വീടിനു നേരെ നടന്ന ആക്രമണവും ചർച്ചയായി. പിന്നാലെയാണ് എം.പിയുടെ വിവാദ പരാമർശം. ആരിഫിന്റെ പ്രസ്താവന സൈബറിടങ്ങളിൽ യു.ഡി.എഫ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ആരിഫ് അപമാനിച്ചു: അരിത ബാബു
അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ പാർട്ടിയുടെ നേതാവ് ഇങ്ങനെ പറഞ്ഞത് ദുഃഖകരമാണെന്ന് അരിത ബാബു പറഞ്ഞു. സാധാരണക്കാരിയായി, ക്ഷീര കർഷകന്റെ മകളായാണ് നിയമസഭാതിരഞ്ഞെടുപ്പിൽ ഞാൻ വോട്ടഭ്യർത്ഥിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ആകെ എ.എം. ആരിഫ് എം.പി അപമാനിച്ചു. പരാമർശം വേദനാജനകമാണെന്നും അരിത പറഞ്ഞു.
'ക്ഷീരകർഷകയായാലും നിയമസഭയിലേക്കും പാൽ സൊസൈറ്റിയിലേക്കും മത്സരിക്കാം. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ തൊഴിലിനെയും സ്ഥാനാർത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രമേശ് ചെന്നിത്തലയ്ക്കെതിരായ സ്ഥാനാർത്ഥിയുടെ പ്രാരാബ്ദ്ധം ചർച്ചയാക്കാതെ കായംകുളത്തെ സ്ഥാനാർത്ഥിയുടെ പ്രാരാബ്ദ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. വാക്കുകളെ സന്ദർഭത്തിൽ നിന്നു അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് ജനങ്ങൾ ചുട്ടമറുപടി നൽകും. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ഞാൻ തൊഴിലിനെ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് അല്പത്തരമാണ്. പാൽ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി തോന്നിയിട്ടില്ല".
- എ.എം. ആരിഫ് എം.പി