ആലപ്പുഴ: 'ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല.കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് ഓർക്കണം. പ്രാരാബ്‌ദ്ധമാണ് മാനദണ്ഡമെങ്കിൽ അത് പറയണം...'- കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ പരിഹസിച്ചുകൊണ്ടുള്ള എ.എം. ആരിഫ് എം.പിയുടെ പ്രസംഗം വിവാദമായി. സിറ്റിംഗ് എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കായംകുളത്ത് നടന്ന വനിതാസംഗമത്തിലായിരുന്നു വിവാദ പരാമർശം.
പരിഹാസം എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് പ്രചാരണയാധുമാക്കിയിരിക്കുകയാണ്. ക്ഷീര കർഷകയായ അരിതയുടെ പ്രാരാബ്ദ്ധമാണ് യു.ഡി.എഫ് മണ്ഡലത്തിൽ പ്രധാനമായും ചർച്ചയാക്കിയിരുന്നത്. ആരിഫിന്റെ പ്രസംഗം യു.ഡി.എഫ് സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ, കറവക്കാരിയെന്ന് വിളിച്ച് അരിതയെ ആക്ഷേപിച്ചിരുന്നു. അതിനു പിന്നാലെ വീട് ആക്രമിക്കപ്പെട്ടു. ഇതെല്ലാം യു.ഡി.എഫ് ചർച്ചയാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യാ ഹരിദാസ് എം.പിക്കെതിരെ എ.വി.ജയരാഘവൻ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു.
............................
'ക്ഷീരകർഷകയായാലും നിയമസഭയിലേക്കും പാൽ സൊസൈറ്റിയിലേക്കും മത്സരിക്കാം.പക്ഷെ, അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ തൊഴിലിനെയും സ്ഥാനാർത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രമേശ് ചെന്നിത്തലയ്‌ക്കെതിരായ സ്ഥാനാർത്ഥിയുടെ പ്രാരാദ്ധം ചർച്ചയാക്കാതെ കായംകുളത്തെ സ്ഥാനാർത്ഥിയുടെ പ്രാരാബ്ദ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. വാക്കുകളെ സന്ദർഭത്തിൽ നിന്നു അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് ജനങ്ങൾ ചുട്ടമറുപടി നൽകും. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ താൻ തൊഴിലിനെ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് അല്പത്തരമാണ്. പാൽ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി തോന്നിയിട്ടില്ല'
എ.എം. ആരിഫ് എം.പി
............................................
'ജീവിത സാഹചര്യത്തെ പരിഹസിച്ചത് വേദനാജനകമാണ്. തൊഴിലെടുത്ത് ജീവിക്കുന്ന ഒരാളെ തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിലെ എം.പി പരിഹസിച്ചപ്പോൾ അത് തൊഴിലാളികളെ മൊത്തത്തിലാണെന്ന് ഓർക്കണം. ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശമുണ്ടായത് വേദനയുളവാക്കുന്നു'
അരിതബാബു, യു.ഡി.എഫ് സ്ഥാനാർത്ഥി, കായംകുളം
.....................................
'പരാമർശം വിലകുറഞ്ഞതും അരിതയെ അധിക്ഷേപിക്കുന്നതുമാണ്. ആരിഫ് മാപ്പു പറയണം'
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്