s

തിരഞ്ഞെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ

ആലപ്പുഴ: കെണിയൊരുക്കി കാത്തുനിന്ന കൊവിഡിനെ സമർത്ഥമായി നേരിട്ടുകൊണ്ട് നടത്തിയ പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ വോട്ടർമാർ ഇന്നു ബൂത്തിലേക്കൊഴുകുമ്പോൾ, വിധി അനുകൂലമോ പ്രതികൂലമോ എന്ന ആശങ്കയിലാവും സ്ഥാനാർത്ഥികളും നേതാക്കളും. വോട്ടർപട്ടികയിലെ ക്രമക്കേടുകളും ഇരട്ടവോട്ടും വിവാദമായ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥരടക്കം തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. വാഗ്ദാനങ്ങളും പ്രചാരണങ്ങളും വോട്ടർമാരെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാവാം എന്ന കൂട്ടിക്കിഴിക്കലിലാണ് രാഷ്ട്രീയ കക്ഷികൾ.

രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് തിരഞ്ഞെടുപ്പ്. ഇതിനിടയിൽ എപ്പോഴെങ്കിലും പോയി വോട്ടു ചെയ്താൽ മതിയല്ലോ എന്നു കരുതി വീട്ടിൽ മടിപിടിച്ച് ഇരിക്കുന്നവരെ ഏതു വിധേനയും ബൂത്തിലെത്തിക്കുക എന്നതാണ് പാർട്ടിക്കാർ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി. ഇവരെ വോട്ട് ചെയ്യിക്കാൻ വാഹനങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. 80 പിന്നിട്ട ഭൂരിഭാഗം പേരും വീട്ടിലിരുന്നു തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവരുടെ വോട്ട് ഉറപ്പ് വരുത്തും. ഭിന്നശേഷിക്കാരെ സാമൂഹ്യ ക്ഷേമ വകുപ്പ് വാഹനങ്ങളിൽടെ ബൂത്തുകളിലും തിരിച്ച് വീടുകളിലും എത്തിക്കും.

'ഇരട്ട' തലവേദന

വിവാദങ്ങൾക്ക് തിരികൊളുത്തിയ ഇരട്ട വോട്ട് ക്രമക്കേടുകൾ എല്ലാ മണ്ഡലത്തിലുമുണ്ട്. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ തന്നെ ഇരട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇരട്ട വോട്ടും കള്ളവോട്ടും തടയാൻ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷണൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു വോട്ടർക്ക് തന്നെ വിവിധ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ഇവ എത്രത്തോളം ഫലപ്രദമായി തടയാനാകുമെന്ന് കണ്ടറിയണം. ബൂത്തിലുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ വോട്ടറെ 'ചലഞ്ച്' ചെയ്താൽ വോട്ടെടുപ്പ് പ്രക്രിയയ്ക്ക് കാലതാമസമുണ്ടാവും. സംശയമുള്ളവരുടെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തും. ഇരട്ട വോട്ട് ലിസ്റ്റിലുള്ളവർ വോട്ട് ചെയ്താൽ വിരലടയാളം പതിക്കുകയും, സാക്ഷ്യപത്രം ഒപ്പിട്ട് നൽകുകയും വേണം.

മഷി കാണാനാവില്ല,

മഷിയിട്ടു നോക്കിയാലും!

വോട്ടവകാശം വിനിയോഗിച്ചതിന്റെ തെളിവായി ഉദ്യോഗസ്ഥർ വോട്ടറുടെ ചൂണ്ടുവിരലിൽ പുരട്ടി നൽകുന്ന മഷിയുടെ 'ആയുസ്' ഇരട്ട വോട്ട് പശ്ചാത്തലത്തിൽ കുറയാൻ സാദ്ധ്യത! മഷി മായ്ക്കാനായി രാഷ്ട്രീയ പാർട്ടികൾ തന്നെ രാസവസ്തു വിതരണം ചെയ്യുന്നതായുള്ള ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. കുറഞ്ഞത് ഇരുപത് ദിവസം വരെ മഷി മായാതെ നിൽക്കുമെന്നാണ് അധികൃതരുടെ അവകാശവാദമെങ്കിലും, നെയിൽ പോളിഷ് റിമൂവർ അടക്കം സുലഭമായ രാസവസ്തുക്കൾ കൊണ്ട് മഷി എളുപ്പം നീക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്.

കണക്കിലാണ് കാര്യം

ആകെ പോൾ ചെയ്ത വോട്ട്, ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ട്, നഷ്ടപ്പെടുന്ന വോട്ട് എന്നിങ്ങനെ തരം തിരിച്ച് വിശകലനം ചെയ്താണ് ഓരോ സ്ഥാനാർത്ഥിയും നേതൃത്വവും വോട്ടെടുപ്പിന് ശേഷം കണക്കുകൂട്ടൽ നടത്തുന്നത്. കൂട്ടലും കിഴിക്കലും ദിവസങ്ങളോളം നീളും. എരിപൊരി വെയിലിൽ ആഴ്ചകൾ നീണ്ട പോരാട്ടം തളർത്തിയ ശരീരത്തിനും മനസിനും നാളെ മുതൽ അല്പം വിശ്രമത്തിനാവും സ്ഥാനാർത്ഥികൾ പ്രഥമ പരിഗണന നൽകുന്നത്.