കായംകുളം: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെതിരെ എ.എം. ആരിഫ് എം.പി, മണ്ഡലത്തിലെ വനിതാ സംഗമത്തിൽ നടത്തിയ പരാമർശം വിവാദമായി. 'ഇവിടെ സ്ഥാനാർത്ഥിയുടെ പ്രാരാബ്ദ്ധങ്ങളാണ് മാനദണ്ഡമെങ്കിൽ അവർ അത് പറയട്ടെ. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കാൻ പോകുന്നത്, നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണിത്...' എന്ന പരാമർശമാണ് വിവാദമായത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് വനിതാസംഗമം നടന്നത്. എം.പിയുടെ പരാമർശം കേട്ട് സദസിൽ കരഘോഷമുയർന്നു. അരിതയെ അപമാനിച്ച എം.പി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ പ്രതികരിച്ചു.

അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയുടെ നേതാവ് ഇങ്ങനെ പറഞ്ഞത് ദു:ഖകരമാണെന്നായിരുന്നു അരിതയുടെ പ്രതികരണം. 'ഒരു സാധാരണക്കാരിയായി, ഒരു ക്ഷീര കർഷകന്റെ മകളായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ വോട്ട് അഭ്യർത്ഥിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ആകെ എം.പി അപമാനിച്ചു'- അരിത പറഞ്ഞു.