photo

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ തുമ്പോളിക്കു സമീപം, ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേരെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരമല്ലൂർ ചമ്മനാട് ക്ഷേത്രത്തിന് സമീപം എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് കണ്ണന്തറ നികർത്ത് രാഹുൽ (29), ഭാര്യ ഹരിത (28) എന്നിവരാണ് മരിച്ചത്. രാഹുലിന്റെ സുഹൃത്ത് എഴുപുന്ന പൗർണ്ണമിയിൽ വേണുഗോപാൽ (40), ഭാര്യ സീന (32), മക്കളായ വൈഷ്ണ (11), വിനയ് (7) എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ഇന്നലെ പുലർച്ചെ 12.30ന് ആയിരുന്നു അപകടം. രാഹുലും വേണുഗോപാലും മർച്ചന്റ് നേവി ജീവനക്കാരാണ്. നാട്ടിലെത്തിയ ഇരുവരും കുടുബത്തോടൊപ്പം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദർശനവും മൃഗശാല സന്ദർശനവും നടത്തി മടങ്ങവെയാണ് വിമാന ഇന്ധനം കയറ്റിവന്ന ടാങ്കറുമായി കൂട്ടിയിടിച്ചത്. ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാറിന്റെ മുൻഭാഗം പൂണമായും തകർന്നു. കാർ ഓടിച്ചിരുന്ന രാഹുലും മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഹരിതയും തത്ഷണം മരിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. വേണുഗോപാൽ, സീമ എന്നിവരെ ആലപ്പുഴ മെഡി. ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. രാത്രിയിൽ തന്നെ വേണുഗോപാലിനെയും കുട്ടികളെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ടാണ് സീമയെ എത്തിച്ചത്.

ലോറിയുടെ മുൻഭാഗം മാത്രം തകർന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി. മൃതദേഹങ്ങൾ ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിൽ. കൊവിഡ് പരിശോധന ഫലത്തിന് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാഹുലിന്റെ സഹോദരനും നേവി ഉദ്യോഗസ്ഥനുമായ സുജിത്ത് എത്തിയ ശേഷം വെള്ളിയാഴ്ച സംസ്‌കാരം നടക്കും. രാഹുൽ, ഹരിത ദമ്പതികൾക്ക് കുട്ടികളില്ല. രാജു-സുമ ദമ്പതികളുടെ മകനാണ് രാഹുൽ. ഹരിത കുമരകം സ്വദേശിയാണ്. നോർത്ത് പൊലീസ് കേസ് എടുത്തു.