ആലപ്പുഴ: വേണ്ടത്ര ബസ് സർവീസുകളില്ലാത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നാട്ടിലേയ്ക്ക് എത്തുന്നവർ വലഞ്ഞു. പലരും മണിക്കൂറുകളോളം കാത്ത് നിന്നാണ് വിവിധ ജില്ലകളിൽ നിന്ന് ആലപ്പുഴയിലെത്തിയതും തിരിച്ച് യാത്ര ചെയ്തതും.
ഭൂരിഭാഗം ബസുകളും യാത്രക്കാരെ കുത്തി നിറച്ചാണ് സർവീസ് നടത്തിയത്.
ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പലരും വോട്ട് ചെയ്യാനായി ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. ബസ് കുറവായത് മൂലം യാത്രക്കാർ പെരുവഴിയിലായി. പല യാത്രക്കാർക്കും ആലപ്പുഴ വരെ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. ഓഫീസ് സമയം കഴിഞ്ഞ് വരുന്നവരും മറ്റ് ജില്ലകളിലെ സ്ഥിര താമസക്കാരും വൈകിട്ട് കൂട്ടത്തോടെ ഇറങ്ങിയതാണ് തിരക്ക് കൂടാൻ കാരണം. പ്രായമായവരുൾപ്പടെ മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്നാണ് ബസിൽ സഞ്ചരിച്ചത്.
ബസുകളും ഓൺ ഡ്യൂട്ടി
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി ജില്ലയിൽ നിരവധി പ്രൈവറ്റ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നിയോഗിക്കപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പിന്റെ തലേ ദിവസം സ്ട്രോംഗ് റൂമിൽ നിന്ന് ബാലറ്റ് പെട്ടികളും ഉദ്യോഗസ്ഥരെയും അതത് ബൂത്തുകളിൽ എത്തിക്കുക, വോട്ടെടുപ്പിന് ശേഷം തിരികെ മുഖ്യ കേന്ദ്രത്തിലെത്തിക്കുക എന്നീ ആവശ്യങ്ങൾക്കാണ് വാഹനങ്ങൾ വേണ്ടിവരുന്നത്. ബസുകളാണ് കണ്ടെയ്നറായി ഉപയോഗിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയെയും വിന്യസിക്കുന്നതിനടക്കം ബസുകൾ ഉപയോഗിക്കും. ബസുകളുടെ കുറവ് മൂലം തീരദേശ പാതകളിൽ പോലും യാത്രക്കാർ ഏറെ വലഞ്ഞു.
തിങ്കളാഴ്ച്ചകളിൽ പൊതുവേ തിരക്ക് കൂടുതലാണ്. 63 സർവീസുകൾ ഇന്നലെ ആലപ്പുഴ ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നു. ഒരേ സമയം കൂട്ടത്തോടെ യാത്രക്കാർ ഇറങ്ങിയതാവാം തിരക്കിന് കാരണമായത്
അശോക് കുമാർ, ഡി ടി ഒ, ആലപ്പുഴ
തിരഞ്ഞെടുപ്പ് പ്രമാണിച്ചു യാത്രക്കാരുടെ എണ്ണം കൂടും എന്ന് കണക്കുകൂട്ടി കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ ഓപ്പറേറ്റ് ചെയ്യണമായിരുന്നു. സ്റ്റാൻഡിലെ തിരക്ക് കണക്കാക്കിയെങ്കിലും നടപടി എടുത്തിരുന്നെങ്കിൽ ഞങ്ങൾ ഇത്രത്തോളം ബുദ്ധിമുട്ടില്ലായിരുന്നു.
യാത്രക്കാർ