തിരുവനന്തപുരം സ്വദേശിയും ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനുമായ വിനീത് ഒരു പാഠമാണ്. ഓൺലൈൻ റമ്മികളിയിലെ ഇരയെന്ന് വിശേഷിപ്പിക്കാമെങ്കിലും അതിലുപരി സമൂഹത്തിൽ പിടിമുറുക്കിയ ഒരു ഓൺലൈൻ മാഫിയയുടെ നേർചിത്രമാണത്. റമ്മി കളിച്ച് 21 ലക്ഷത്തിലധികം രൂപ നഷ്‌ടപ്പെട്ട വിനീതിനെ ഒരു സുപ്രഭാതത്തിൽ കാണാതാകുകയും പിന്നീട് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയുമായിരുന്നു. രാജ്യത്താകെ അർബുദം പോലെ ഓൺലൈൻ റമ്മികളി പടർന്നു പിടിച്ചു. പിടിച്ചുകെട്ടാനാകാത്ത വിധം വളർന്നതോടെ നിരവധി പേരാണ് റമ്മികളിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടത്. ഇതിനെ നിയന്ത്രിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയത് പ്രതീക്ഷയേകുന്നു.
ഓൺലൈൻ റമ്മികളികൾ നിയമവിരുദ്ധമാണെന്ന സർക്കാർ വിജ്‌ഞാപനം ആശ്വാസത്തിന്റെ സൂര്യകിരണമാണ്. അത് എത്രമാത്രം ഫലപ്രദമായി നടപ്പാക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ഇനിയും ഒരാളെയും ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടാതിരിക്കാനുള്ള മുൻകരുതലാണ് വേണ്ടത്. അതിനായി ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കണം. ഹൈക്കോടതി പോലും ഇടപെട്ട സാഹചര്യത്തിൽ പൊലീസും മറ്റ് അന്വേഷണ ഏജൻസികളും കർശനമായി ഇടപെടണം. ഇപ്പോഴും ഓൺലൈൻ റമ്മിയുടെ ചതിക്കുഴികൾ വലവിരിച്ച് കാത്തിരിപ്പുണ്ടെന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാകണം.
സംസ്ഥാനത്ത് നിലവിലുള്ള നിയമമനുസരിച്ച് പരസ്യമായി പണം വച്ച് ചീട്ടു കളിക്കുന്നത് കണ്ടാൽ പൊലീസിന് കേസെടുക്കാം. എന്നാൽ അടുത്തകാലത്ത് പൊട്ടിമുളച്ച ഓൺലൈൻ റമ്മികളി ഈ നിയമപരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരത്തോടെ ഓൺലൈൻ റമ്മി ആപ്പുകൾ ഹിറ്റായത്. ഓൺലൈൻ റമ്മികളിയിലൂടെ പണം നഷ്‌ടമാകുന്നവരുടെ എണ്ണം വർദ്ധിക്കുകയും കടംകയറി നിൽക്കകള്ളിയില്ലാതെയുള്ള ആത്മഹത്യകൾ പെരുകുകയും ചെയ്‌തതോടെയാണ് നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. റമ്മികളി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയപ്പോഴേക്കും സംസ്ഥാനത്ത് നിരവധി പേരുടെ ജീവൻ പൊലിഞ്ഞിരുന്നു.
കണ്ണുതുറപ്പിച്ച് ഹൈക്കോടതി
ഓൺലൈൻ റമ്മി നിയന്ത്രിക്കുന്ന വിധം കേരള ഗെയിംമിംഗ് ആക്ടിൽ ഭേദഗതി വരുത്തുകയാണ് സർക്കാർ ചെയ്‌തത്. ചൂതാട്ടം നിയന്ത്രിക്കുന്ന 1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ ഓൺലൈൻ റമ്മിയെ കൂടി ഉൾപ്പെടുത്തി വിജ്ഞാപനമിറക്കി. സംസ്ഥാന പൊലീസ് മേധാവി നൽകിയ ശുപാർശ നിയമവകുപ്പ് അംഗീകരിച്ചു. റമ്മിയടക്കം ഓൺലൈൻ ചൂതാട്ടവും പന്തയവും സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയും ചലച്ചിത്ര സംവിധായകനുമായ പോളി വടക്കൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയതോടെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്. സംസ്ഥാനത്ത് നിലവിലുള്ള കേരള ഗെയിമിംഗ് ആക്ട് 1960 ൽ ഓൺലൈൻ ഗെയിമുകൾ ഉൾപ്പെട്ടിട്ടില്ലെന്ന പഴുതുപയോഗിച്ചാണ് ഓൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾ വ്യാപകമായത്. നേരിയ വിജയ സാദ്ധ്യത മാത്രമാണുള്ളത് എന്നതിനാൽ ഗെയിമിൽ പങ്കെടുത്ത് സാമ്പത്തിക നഷ്ടമുണ്ടാകുന്നവർ ജീവനൊടുക്കുന്ന സംഭവങ്ങളുണ്ടായി. എന്നാൽ, ഈ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന വിധം സിനിമാ കായിക താരങ്ങൾ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് സാധാരണക്കാരെ ഇത്തരം ചൂതാട്ടങ്ങളിലേക്ക് ആകർഷിക്കുകയാണെന്ന വാദവുമുയർന്നു. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ചലച്ചിത്ര താരങ്ങളായ തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സർക്കാർ നിയമഭേതഗതി വരുത്തുമെന്ന വിശദീകരണത്തെ തുടർന്നാണ് ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള വിഷയമാണെന്ന് വിലയിരുത്തി ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. ഹൈക്കോടതിയിൽ എത്തിയ ഈ ഹർജിയാണ് സംസ്ഥാന സർക്കാരിന്റെ കണ്ണുതുറപ്പിച്ചത്. പിന്നീട് നിയമഭേദഗതി വളരെ വേഗത്തിലായി. ഇനി ശക്തമായ നടപടികളാണ് വേണ്ടത്. അക്കാര്യത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം.
കൊവിഡിൽ
നീരാളിക്കൈകളായി
കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് ഓൺലൈൻ റമ്മികളിക്ക് പ്രചാരമുണ്ടായത്. പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞു കൂടിയിരുന്നവർ നേരം പോക്കിനായി റമ്മി കളിയിലേക്ക് തിരിഞ്ഞപ്പോൾ അത് ലഹരിപോലെ ഉന്മാദാവസ്ഥയിലേക്ക് പോകുകയാണെന്ന് ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പണമില്ലാത്തവർക്ക് വായ്പ നൽകാനായി മൊബൈൽ ആപ്പുകളും പൊട്ടിമുളച്ചു. ചെറിയ തുകയ്‌ക്ക് കളി തുടങ്ങിയവർ വലിയ തുകകളിലേക്ക് വഴിമാറി. പണം നഷ്‌ടപ്പെട്ടവർ കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്‌പയെടുത്ത് കളി തുടർന്നു. മണിലെൻഡിംഗ് ആപ്പുകളിൽ നിന്ന് വായ്‌പയെടുത്തവർക്ക് ഭീഷണിയും ബ്ളാക്ക് മെയിലിംഗും നേരിടേണ്ടി വന്നു. കുടുംബത്തെ അറിയിക്കാതെ റമ്മി കളിച്ച് പണം പോയതിനാൽ ആരും പരാതിപ്പെട്ടില്ല. എന്നാൽ, കടംകയറി നിൽക്കകള്ളിയില്ലാതെ പലരും ആത്മഹത്യ ചെയ്‌തതോടെയാണ് റമ്മികളിയിലെ ആഴവും പരപ്പും വ്യക്തമായത്. ഈ സമയം ആയിരക്കണക്കിന് ആളുകൾ കടംകയറി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലെത്തിയിരുന്നു.
ഓൺലൈൻ റമ്മി കളിക്കുള്ള നിരവധി ആപ്പുകളാണ് പ്ളേസ്‌റ്റോറുകളിലുള്ളത്. ഇവയുടെ പരസ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കമ്പനികൾ ചില നിയമങ്ങൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും വായിച്ചു നോക്കാതെയാണ് ആളുകൾ കളി തുടങ്ങുന്നത്. ഓൺലൈൻ ഗെയിമുകളിൽ മറുഭാഗത്ത് മനുഷ്യരല്ലെന്ന കാര്യം പലരും മറന്നു പോകുന്നു. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി നിർമ്മിച്ച ആപ്പുകളായിരിക്കും കളി നിയന്ത്രിക്കുക. ഇവരെ പരാജയപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്തുള്ള കളിയാണ് ലക്ഷങ്ങളുടെ നഷ്‌ടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.
ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്‌ടമാകുന്നുവെന്ന് വ്യക്തം. മാനഹാനി ഭയന്ന് ആരും പരാതിപ്പെടുന്നില്ല. ആ സാഹചര്യത്തിൽ ബോധവത്‌കരണമാണ് പരമപ്രധാനം. റമ്മികളിയിൽ അടിപ്പെട്ടുപോകുന്നവരെ ബോധവത്‌കരണത്തിലൂടെ മാത്രമേ മടക്കിക്കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന് പൊലീസും വ്യക്തമാക്കുന്നു. അതിനായി പൊലീസ് സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു. ആത്മഹത്യകൾ ഒന്നിനും പരിഹാരമല്ല. എന്നാൽ, ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ജാഗ്രത ഒാരോരുത്തരും സ്വയം പുലർത്തണം.