ചേർത്തല: പോളിംഗിന് മുൻപുള്ള അവസാന മണിക്കൂറുകളിൽ ആരവങ്ങളില്ലാതെ ഒറ്റയ്ക്ക് വോട്ട് തേടുകയായിരുന്നു ഇന്നലെ സ്ഥാനാർത്ഥികൾ. പരമാവധി ആളുകളെ നേരിൽ കാണാൻ പുലർച്ചെമുതൽ തന്നെ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി.
യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത് നിശബ്ദപ്രചരണദിനത്തിൽ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. രാവിലെ വല്ലേതുരുത്തിലെത്തി വീടുകൾ സന്ദർശിച്ചു. തുടർന്ന് പുത്തനങ്ങാടിയിൽ കയർ ഫാക്ടറികളിലെത്തി. സ്വദേശമായ അരീപ്പറമ്പിലും ചേർത്തലയിലുമായി വിവിധ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. ചേർത്തല സൗത്ത് ഗവ. ഹൈസ്കൂളിലെ 117-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദും കഴിവതും വോട്ടർമാരെ നേരിൽ കാണുന്നതിനാണ് നിശബ്ദപ്രചരണദിനം ഉപയോഗിച്ചത്. ചേർത്തലനഗരത്തിലെ ജിംനേഷ്യത്തിലും നഗരത്തിലും കഞ്ഞിക്കുഴി, തൈക്കൽ,മുട്ടത്തിപറമ്പ്,വയലാർ,പട്ടണക്കാട്,അന്ധകാരനഴി എന്നിവിടങ്ങളിൽ വിവിധ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വോട്ടുതേടി. ഇന്ന് 7ന് രാവിലെ നൂറനാട് സി.ബി.എം.എച്ച്.എസ്.എസിൽ വോട്ട് ചെയ്യും.
എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജ്യോതിസ് ചേർത്തല നഗരത്തിലെ വിവിധ ജിംനേഷ്യങ്ങളിലും കായിക പരിശീലന മൈതാനങ്ങളിലുമെത്തി വോട്ടുതേടി. തുടർന്ന് കഞ്ഞിക്കുഴിയിലെ കയർ ഫാക്ടറികളിലെത്തി. വാരനാട് ക്ഷേത്രത്തിലെത്തി വിവാഹത്തിലും പങ്കെടുത്തു.തുടർന്ന് പട്ടണക്കാടും കടക്കരപ്പള്ളിയിലും ചേർത്തല തെക്കിലും, കഞ്ഞിക്കുഴിയിലും എത്തി വോട്ട് തേടി.