ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ അപമാനിച്ച എ.എം.ആരിഫ് എം.പിയുടെ പ്രസ്താവന മാർക്‌സിസ്‌റ് പാർട്ടിയുടെ മനോഭാവത്തിലുണ്ടായ മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ക്ഷീരകർഷക നിയസഭയിലേക്കു മത്സരിക്കുന്നതിൽ സി.പി.എമ്മിന് പുച്ഛം തോന്നുന്നതിൽ അത്ഭുതമില്ല. സി.പി.എം മുതലാളിത്ത പാർട്ടിയായി എന്നതിന് ഇതില്പരം ഒരു തെളിവിന്റെ ആവശ്യമില്ല. കർഷക കുടുംബത്തിലെ ഒരാൾ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാൻ യോഗ്യതയില്ലാത്തവരാണ് എന്നാണോ സി.പി.എം നിലപാടെന്നു പൊതുസമൂഹത്തോടു തുറന്നു പറയട്ടെ.
പൊതുപ്രവർത്തന രംഗത്ത് പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും ഉയർന്നു വരുന്ന സ്ത്രീകളോട് സി.പി.എമ്മിന് പണ്ടും ഇതേ അസഹിഷ്ണുതയാണ്. അവരെ തിരഞ്ഞു പിടിച്ചു ആക്രമിക്കാനും അപമാനിക്കാനും സി.പി.എമ്മിന് മടിയില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.