ആലപ്പുഴ: മഞ്ചേശ്വരത്ത് എൽ.ഡി.എഫുകാർ യു.ഡി.എഫിനെ പിന്തുണയ്‌ക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവനയുടെ സാഹചര്യമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,
പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഉയർന്നു നിൽക്കുകയാണ്. ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു. തുടർ ഭരണത്തിനായി ആരുമായും കൈകോർക്കുന്ന സ്ഥിതിയിലേക്ക് സി.പി.എം എത്തി. പി.ഡി.പി ഉൾപ്പെടെയുള്ള സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹര്യമാണ് നിലവിലുള്ളത്. സ്വന്തം ഓഫീസിലെ ജീവനക്കാരെ പോലും നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ കേരളം ഭരിക്കാൻ കഴിയും. ധാർഷ്ട്യവും അഹങ്കാരവുമാണ് പിണറായിയുടെ മുഖമുദ്ര. കള്ളത്തരങ്ങൾ മുഴുവനും പുറത്തുവരുമെന്ന പേടിയാണ് ഇപ്പോഴുള്ളത്.
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. സി.പി.എമ്മിനാണ് ബി.ജെ.പി.യുമായി അന്തർധാരയുള്ളതെന്നും ചെന്നിത്തല പറഞ്ഞു.