ആലപ്പുഴ: എൽ.ഡി.എഫിന്റെ പേരിൽ തിരഞ്ഞെടുപ്പ് തലേന്ന് അമ്പലപ്പുഴയിൽ എ.എം. ആരിഫ് എം.പിയുടെ 'വിലാസ'ത്തിൽ നടന്ന വ്യാജ പ്രചാരണത്തിന് തടയിടാനാവാതെ നേതാക്കൾ. സ്ഥാനാർത്ഥിയും മന്ത്രി ജി. സുധാകരൻ അടക്കമുള്ള ചില നേതാക്കളും ഇരു ചേരിയിലാണെന്ന് ധ്വനിപ്പിക്കും വിധമാണ് പ്രചാരണം നടക്കുന്നത്.
'സമഗ്ര വികസനം നടത്താൻ സലാമിനെ വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്' എന്ന വാചകമാണ് അവസാന ഘട്ടത്തിൽ യു.ഡി.എഫ് അനുകൂല സാമൂഹിക മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. ഇതുവരെ മണ്ഡലത്തിൽ വികസനം സമഗ്രമായിരുന്നില്ലേ എന്ന ചിന്ത വോട്ടർമാരിൽ അടിച്ചേൽപ്പിക്കാനാണ് ഇത്തരമൊരു പ്രചാരണമെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. ജി.സുധാകരനും എ.എം.ആരിഫും രണ്ട് ചേരിയിലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതിനിടെ ജി.സുധാകരനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇന്നലെ പ്രചരിച്ച ഒരു വാർത്തയ്ക്ക് പിന്നിൽ അമ്പലപ്പുഴയിലെ ഒരു യുവനേതാവാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. അമ്പലപ്പുഴയിൽ ജി.സുധാകരനും സ്ഥാനാർത്ഥിയും ഒരുമിച്ചുള്ള പോസ്റ്ററുകൾ കീറിക്കളഞ്ഞ് പകരം എ.എം.ആരിഫുമൊത്തുള്ള പോസ്റ്റർ പതിപ്പിച്ചതും ഇന്നലെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ലയിലെ മുതിർന്ന നേതാവായ ജി.സുധാകരൻ നേരിട്ട് അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന്റെ വിജയത്തിനായി പ്രചാരണം നയിക്കുമ്പോൾ ഉണ്ടാകുന്ന എതിർ പ്രചാരണങ്ങളാണ് സി.പി.എമ്മിന് തലവേദനയാകുന്നത്.