s

ആലപ്പുഴ : ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള 12 മണിക്കൂറിൽ ജില്ല 60 സ്ഥാനാർത്ഥികളുടെ വിധിയെഴുതി. ഒളിപ്പിച്ച് രേഖപ്പെടുത്തിയ രഹസ്യമറിയാൻ ഇനി മേയ് രണ്ടു വരെ കാത്തിരിക്കാം. അന്ന് കൊട്ടും കുരവയുമായി ഒമ്പത് പേർ നിറചിരിയോടെ വിജയശ്രീലാളിതരാകും.

ഇന്നലെ രാവിലെ വോട്ടർമാരുടെ ആവേശത്തിൽ മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും കണ്ണ് തള്ളി. ഉച്ചയ്‌ക്ക് മുമ്പേ പോളിംഗ് 50 ശതമാനം പിന്നിട്ടു. റെക്കാഡ് പോളിംഗിലേക്കുള്ള കുതിപ്പിന്റെ പ്രതീതി തോന്നിപ്പിച്ചെങ്കിലും രണ്ടു മണിയോടെ ശമിച്ചു. പല ബൂത്തുകളും കാലിയായി. ക്യൂവില്ലാതെ വോട്ടു ചെയ്യാമെന്ന അവസ്ഥ. ഒടുവിൽ രാത്രി ഏഴിന് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിംഗ് 74.75 ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. ഒമ്പതു മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ടു കുറഞ്ഞു.

ചെറിയ സംഘർഷങ്ങളും ഒറ്റപ്പെട്ട തർക്കങ്ങളും ഒഴിച്ചാൽ ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ഹരിപ്പാട്ട് പതിയാങ്കരയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് സംഘർഷത്തിന് സാക്ഷിയായ വൃദ്ധൻ കുഴഞ്ഞു വീണ് മരിച്ചു. തലവടി ഗവ. ഹൈസ്‌കൂളിലെ പോളിംഗ് ഉദ്യോഗസ്ഥനും ഏഴിലധികം വോട്ടർമാർക്കും തെരുവ് നായയുടെ കടിയേറ്റു. തലവടി 130 ാം നമ്പർ ബൂത്തിലെ ഫസ്‌റ്റ് പോളിംഗ് ഓഫീസർ രാത്രി മുങ്ങി. ഇയാളെ ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. സക്കറിയ ബസാറിൽ ലീഗ് നേതാക്കൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ചില ബൂത്തുകളിൽ ഇരട്ടവോട്ടു ചെയ്യാനെത്തിയവരെ പോളിംഗ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി മടക്കി അയച്ചു. ക്രമനമ്പർ തെറ്റായി രേഖപ്പെടുത്തിയതും തർക്കങ്ങൾക്ക് ഇടയാക്കി. ഇതുമൂലം വോട്ടു രേഖപ്പെടുത്താൻ പറ്റാത്തവരുമുണ്ട്. തീരമേഖലകളിലായിരുന്നു കനത്ത പോളിംഗ്. കഴിഞ്ഞ. തവണയും ഇത്തവണയും ഉയർന്ന പോളിംഗ് ചേർത്തല മണ്ഡലത്തിലാണ്. കുറവ് ചെങ്ങന്നൂരും. പോളിംഗ് കുറഞ്ഞതോടെ മുന്നണികൾ കണക്കുകൂട്ടലുകളുടെ തിരക്കിലേക്ക് വഴിമാറി. കഴിഞ്ഞ തവണ ഒമ്പതു മണ്ഡലങ്ങളിൽ എട്ടും ഇടതുമുന്നണിക്കായിരുന്നു. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തു. ഇരുമുന്നണികളും മേൽക്കോയ്മ അവകാശപ്പെടുമ്പോൾ അട്ടിമറി ജയമാണ് എൻ.ഡി.എ കൊതിക്കുന്നത്.

 2021 ലെ പോളിംഗ് ശതമാനം 74.75 - 2016 ൽ 79.88

മണ്ഡലം തിരിച്ച്, 2021, 2016 എന്ന ക്രമത്തിൽ

അരൂർ: 80.02 - 85.43

ചേർത്തല: 80.52 - 86.30

ആലപ്പുഴ: 76.16 - 80.03

അമ്പലപ്പുഴ: 74.60 - 78.52

കുട്ടനാട്: 72.21 - 79.21

ഹരിപ്പാട്: 74.06 - 80.38

കായംകുളം: 73.20 - 78.14

മാവേലിക്കര: 71.09 - 76.17

ചെങ്ങന്നൂർ: 68.98 - 74.36