ആലപ്പുഴ: പുഞ്ചപ്പാടങ്ങളിലെ കൊടുംവെയിലിന്റെ തീച്ചൂട് പരിചിതരായ കുട്ടനാട്ടുകാർക്ക്, തിരഞ്ഞെടുപ്പ് ദിവസം ബൂത്തുകൾക്കു മുന്നിലെ പൊരിവെയിൽ വലിയ പ്രതിബന്ധമായില്ല. ഏറെനേരം ക്യൂ നിന്നാണ് പലരും സമ്മതിദാനവകാശം വിനിയോഗിച്ചത്.
കുട്ടനാട്ടിലെ പോളിംഗ് ബൂത്തുകളിൽ തുടക്കത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ അല്പം മന്ദഗതിയായി. ഉച്ചയ്ക്കു ശേഷം വീണ്ടും തിരക്കേറി. 12ന് മുമ്പ് ഭൂരിഭാഗം ബൂത്തുകളിലും 47 മുതൽ 56 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. തലവടിയിൽ പോളിംഗ് ഉദ്യോഗസ്ഥൻ എത്താതിരുന്നതും ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയതും ഒഴിച്ചാൽ മറ്റ് വിഷയങ്ങളൊന്നും നെല്ലറയിലുണ്ടായില്ല.
ആറ്റുവാത്തല എൽ.പി.എസ്, സമയം രാവിലെ 10
88,89 ബൂത്തുകൾ പ്രവർത്തിച്ച നെടുമുടി ആറ്റുവാത്തല എൽ.പി സ്കൂളിൽ തുടക്കത്തിൽ നീണ്ട ക്യൂ കാണാനായി. സാമൂഹിക അകലം പാലിക്കാനുള്ള രേഖപ്പെടുത്തലുകൾ ഇല്ലായിരുന്നു. പത്തുമണി കഴിഞ്ഞതോടെ വെയിലും ചൂടും കനത്തു. ഇതോടെ ക്യൂ അലങ്കോലമാവുന്ന അവസ്ഥയായി. ബൂത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും ഒന്നും പറയാനാവാത്ത അവസ്ഥ. എങ്കിലും ബഹളങ്ങളില്ലാതെ വെയിലിനെ മറികടന്ന് പലരും വോട്ട് ചെയ്തു മടങ്ങി.
ചേന്നങ്കരി എച്ച്.എസ്, സമയം 11
ചേന്നങ്കരി ദേവമാത എച്ച്.എസിലെ 67-ാം നമ്പർ ബൂത്തിൽ രാവിലെ തന്നെ കുട്ടനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ.തോമസ് വോട്ടു രേഖപ്പെടുത്തി. വാഹന സൗകര്യമില്ലാത്ത ഇവിടെ വള്ളത്തിലോ സ്പീഡ് ബോട്ടിലോ ആണ് വോട്ടർമാർ എത്തുന്നത്. ഇത് സ്ഥാനാർത്ഥികൾ തന്നെയാണ് ഏർപ്പാടാക്കിയത്. പ്രശ്ന ബാധിത ബൂത്തിന്റെ പട്ടികയിലായതിനാൽ രാജസ്ഥാൻ സ്വദേശികളായ സി.ഐ.എസ്.എഫ് ജീവനക്കാരെയാണ് ഡ്യൂട്ടിക്കിട്ടത്. വോട്ട് ചെയ്ത മടങ്ങിയ ആൾ വീണ്ടും സ്ളിപ്പുമായി വന്നപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞത് ചറിയ സംഘർഷത്തിനിടയാക്കി.
നായർസമാജം സ്കൂൾ, സമയം 12.30
നെടുമുടി നായർസമാജം എച്ച്.എസ്.എസിലെ 71,72 ബൂത്തുകളിൽ നട്ടുച്ചയ്ക്കും വീട്ടമ്മമാരുടെ നീണ്ട നിരയായിരുന്നു. കാലിന് സ്വാധീനക്കുറവുള്ള 75കാരി കമലാക്ഷിയെ ഹരിതസേനാംഗങ്ങളും ബന്ധുക്കളും ചേർന്നാണ് പോളിംഗ് ബൂത്തിൽ എത്തിച്ചത്. ഇവരുടെ ബന്ധുവാണ് വോട്ട് രേഖപ്പെടുത്തിയത്.
ഉദ്യോഗസ്ഥൻ മുങ്ങി!
തലവടി 130-ാം നമ്പർ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസർ ജോർജ് അലക്സ് കൃത്യസമയത്ത് ബൂത്തിലെത്താതിരുന്നതിനെ തുടർന്ന് പൊലീസ് സംഘം അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ, വീട്ടിൽ ഇദ്ദേഹം വിശ്രമിക്കുന്നതാണ് കണ്ടത്! ഇതോടെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊവിഡ് വാക്സിൻ എടുത്തതിന്റെ ക്ഷീണം കാരണമാണ് എത്താതിരുന്നതെന്ന് ഉദ്യോഗസ്ഥൻ അധികൃതർക്ക് വിശദീകരണം നൽകി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൊടുത്താണ് പോളിംഗ് ഏൽപ്പിച്ചത്. 30, 127 ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളുടെ തകരാറും പോളിംഗ് വൈകാൻ കാരണമായി. തകരാർ പരിഹരിച്ച ശേഷം വോട്ടിംഗ് ആരംഭിച്ചപ്പോൾ അര മണിക്കൂറോളം വൈകി.
ഹരിതചട്ടം
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർണ്ണമായും ഹരിത ചട്ടത്തിലാകണമെന്ന കമ്മിഷൻ നിർദ്ദേശം കുട്ടനാട് ഒരുപരിധി വരെ പാലിച്ചു. മറ്റ് ണ്ഡലങ്ങളിൽ ബയോമെഡിക്കൽ മാലിന്യങ്ങൾ പ്ളാസ്റ്റിക് ബക്കറ്റുകളിലും ബാഗുകളിലും ശേഖരിച്ചപ്പോൾ കുട്ടനാട്ടിൽ എല്ലാ ബൂത്തുകളിലും പച്ചോലയിൽ കൊട്ട നെയ്ത് അതിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്.
പ്രോട്ടോക്കോൾ ഉറപ്പാക്കി
കൊവിഡ് കാലത്ത് സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ ബൂത്തുകളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാസ്‌ക്, കൈയുറ, സാനിറ്റൈസർ, ഫെയ്‌സ് ഷീൽഡ് എന്നിവ നൽകി. പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് ഉദ്യോഗസ്ഥരെയാണ് പോളിംഗ് ജോലികൾക്കായി ബൂത്തുകളിൽ നിയോഗിച്ചിട്ടുള്ളത്.