ആലപ്പുഴ: പോളിംഗിന്റെ തുടക്കത്തിൽ വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലെത്തിയത് ശക്തമായ ത്രികോണ മത്സരത്തിന്റെ ചൂടും ചൂരും പകരുന്ന ഒന്നായി. മോക്ക് പോളിന് ശേഷം രാവിലെ കൃത്യം 7ന് ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയത് തുടക്കത്തിലെ കല്ലുകടിയായി.
ആദ്യ രണ്ട് മണിക്കൂറുകളിലാണ് സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ ബൂത്തുകളിലേക്കൊഴുകിയത്. ജില്ലയുടെ തീരപ്രദേശങ്ങളായ ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലാണ് ആദ്യ പകുതിയിൽ പോളിംഗ് നിരക്ക് ഗണ്യമായി ഉയർന്നുകൊണ്ടിരുന്നത്. കടുത്ത ചൂടിനെ മറികടക്കാന്നാണ് വോട്ടർമാർ പരമാവധി നേരത്തെ വോട്ട് രേഖപ്പെടുത്താനെത്തിയത്. പകൽ പത്ത് മുതൽ ഉച്ച സമയം വരെ വോട്ടർമാരുടെ തിരക്കിന് നേരിയ ശമനം അനുഭവപ്പെട്ടു.
ബൂത്ത് കൂട്ടി, തിരക്കൊഴിഞ്ഞു
കൊവിഡ് പശ്ചാത്തലത്തിൽ ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചത് വോട്ടർമാർക്ക് ആശ്വാസമായി. സമ്മതിദായകർ കൂട്ടമായെത്തുന്ന സമയങ്ങളിലൊഴികെ, തിരക്കില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഭൂരിഭാഗം ബൂത്തുകളിലും ലഭിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1705 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2643 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ 938 അഡീഷണൽ ഓക്സിലറി ബൂത്തുകളും സജ്ജമാക്കിയത് വോട്ടർമാർക്ക് ആശ്വാസമായി. അതിനാൽ രാവിലത്തെ തിരക്ക് ഒഴിഞ്ഞതോടെ ബൂത്തുകളിൽ നിന്ന് ക്യൂ അപ്രത്യക്ഷമായിത്തുടങ്ങി. വോട്ടിംഗ് കേന്ദ്രങ്ങളിൽ തിരക്കില്ലാതെതന്നെ പോളിംഗ് നിരക്ക് ഉയരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ഉദ്യോഗസ്ഥർ വലഞ്ഞു
ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചതോടെ, ഇപ്രാവശ്യം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ശേഷമാണ് ഡ്യൂട്ടി ചെയ്യേണ്ട ബൂത്ത് ഏതെന്ന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തലേ ദിവസം ബൂത്തുകളിലെത്തിയ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥർ താമസ സൗകര്യവും ഭക്ഷണവും കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. കുട്ടനാടൻ മേഖലകളിലും, ജില്ലയുടെ ഉൾപ്രദേശങ്ങളിലും ഡ്യൂട്ടി ലഭിച്ചവരാണ് പെട്ടുപോയത്. പ്രദേശവാസികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സഹകരണം കൊണ്ടാണ് പല ഉദ്യോഗസ്ഥർക്കും ഭക്ഷണം ഉൾപ്പെടെ ലഭിച്ചത്. വനിതാ ജീവനക്കാർ പോലും ബൂത്തുകളിൽ തന്നെയാണ് രാത്രിസമയം തള്ളിനീക്കിയത്. ഇന്നലെ പുലർച്ചെ 5.30 മുതൽ മോക്ക് പോളിംഗിനുള്ള സജ്ജീകരണങ്ങൾ ചെയ്യേണ്ടിയിരുന്നതിനാൽ ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.