double-vote

ആലപ്പുഴ: ഇരട്ട വോട്ടർമാരുടെ ലി​സ്റ്റി​ൽ ഉൾപ്പെട്ടയാളുടെ പേരി​ൽ, കളർകോട് എൽ.പി സ്കൂളിലെ ബൂത്തി​ൽ ഹെൽമറ്റ് ധരി​ച്ച് വോട്ട് ചെയ്യാനെത്തിയ യുവാവ് ബി​.എൽ.ഒയുടെ ഇടപെടലി​ൽ കുടുങ്ങി​യെങ്കിലും പൊലീസ് ഇല്ലാത്തതിനാൽ കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ല.

ഈ ബൂത്തി​ൽ ഇരട്ടവോട്ടുള്ളവരുടെ ലിസ്റ്റ് ബി.എൽ.ഒ ഷീജ പ്രത്യേകം തയ്യാറാക്കിയിരുന്നു. ഉച്ചയ്ക്ക് 12 ഓടെ വോട്ട് ചെയ്യാനെത്തിയ ഹെൽമറ്റ് ധാരി നൽകിയ സ്ലിപ്പി​ലെ സനിൽകുമാർ എന്നയാൾ ഇരട്ട വോട്ടർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. യഥാർത്ഥ വോട്ടർ നേരത്തേ വോട്ട് ചെയ്തതാണ് സംശയത്തി​ന് ഇടയാക്കിയത്. തർക്കമായപ്പോൾ ഹെൽമറ്റ് മാറ്റി മുഖം കാണിക്കാൻ പ്രിസൈഡിംഗ് ഓഫീസർ ആവശ്യപ്പെട്ടെങ്കിലും യുവാവ് അംഗീകരിച്ചില്ല. 'ഹെൽമറ്റ് മാറ്റില്ല, വോട്ട് ചെയ്യണം' - തന്റെ കൈയിലുള്ള സ്ലിപ്പ് കാട്ടി​ യുവാവ് വാദി​ച്ചു. ചട്ടപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുള്ള സത്യവാങ്മൂലം കൊണ്ടുവന്നാലേ വോട്ട് ചെയ്യാൻ അനുവദി​ക്കൂ എന്ന് ഉദ്യോഗസ്ഥർ നി​ലപാടെടുത്തു. കള്ളി വെളിച്ചത്താവും എന്ന നിലവന്നതോടെ 'സത്യവാങ്മൂലം കൊണ്ടുവരാ' മെന്നു പറഞ്ഞ് യുവാവ് സ്ഥലംവിട്ടു​.