ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറിയതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ല. അത് അറിയണമെങ്കിൽ പെട്ടി പൊട്ടിക്കേണ്ടി വരും. ആദ്യമുണ്ടായിരുന്ന ട്രെൻഡ് ഇപ്പോഴില്ല. മുഖ്യമന്ത്രിയാകാൻ കുറെയാളുകൾ കുപ്പായം തുന്നിയിട്ടുണ്ട്. ആരാകുമെന്ന് പറയാനാവില്ല. എസ്.എൻ.ഡി.പി യോഗം ആർക്കും പൂർണമായ പിന്തുണ നൽകിയിട്ടില്ല. ബി.ജെ.പി മുമ്പത്തേക്കാൾ ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ സീറ്റുകൾ നേടുമെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.