s

തീരമേഖലകളിലെ കനത്ത പോളിംഗിന് വ്യാഖ്യാനങ്ങൾ പലത്

ആലപ്പുഴ: ജില്ലയിലെ തീരദേശ മണ്ഡലങ്ങളിലുണ്ടായ കനത്ത പോളിംഗ് ആർക്ക് അനുകൂലമാകുമെന്ന ചോദ്യം മുന്നണികളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും നെഞ്ചിടിപ്പ് കൂട്ടുന്നു. ആഴക്കടൽ മത്സ്യബന്ധനം വിവാദമായ സാഹചര്യത്തിൽ തീരക്കാറ്റ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കണക്കു കൂട്ടൽ. അതേ സമയം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഫിഷറീസ് വകുപ്പും, മത്സ്യഫെഡും ആവിഷ്കരിച്ച പദ്ധതിളുടെ പ്രതിഫലനമാണ് പോളിംഗ് ശതമാനത്തിലെ ഉയർച്ചയെന്ന് ഇടത് കേന്ദ്രങ്ങൾ വാദിക്കുന്നു. മാറ്റം ആഗ്രഹിക്കുന്ന ജനതയു‌ടെ വികാരം വോട്ടിലൂടെ പ്രതിഫലിച്ചെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.

തീരദേശ മണ്ഡലങ്ങളിലെ ബൂത്തുകളിൽ രാവിലെ 7 മുതൽ വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ആദ്യ ഒരു മണിക്കൂറിൽ പത്ത് ശതമാനത്തോളം പേർ സമ്മതിദാനവകാശം വിനിയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. തീരദേശ മണ്ഡലങ്ങളായ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ വോട്ടർമാർ അതിരാവിലെ തന്നെ കൂട്ടത്തോടെയെത്തിയത് രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചു. ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ തീരദേശ ബൂത്തുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും പ്രായഭേദമന്യേ കൂട്ടമായി ബൂത്തുകളിലെത്തി.

ചേർത്തലയിലായിരുന്നു തുടക്കം മുതൽ കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഒമ്പത് മണിയോടെ ചേർത്തലയിലെ ശതമാനം 16.20 ആയി. ആലപ്പുഴയിൽ 16.07ഉം അമ്പലപ്പുഴയിൽ 15.57ഉം അരൂരിൽ 15.43ഉം ആയിരുന്നു പോളിംഗ് ശതമാനം. ഈ സമയം തീരദേശ ബൂത്തുകളിലേക്ക് വോട്ടർമാരുടെ പ്രവാഹമായിരുന്നു.10 മണിയോടെ ജില്ലയിലെ പോളിംഗ് ശതമാനം 21.81 ആയപ്പോൾ ചേർത്തലയിലെയും ആലപ്പുഴയിലെയും പോളിംഗ് ശതമാനം 23 ആയി. കുട്ടനാട്ടിലായിരുന്നു ഈ സമയം കുറഞ്ഞ പോളിംഗ് ശതമാനം. ആദ്യ മൂന്നര മണിക്കൂറിനുള്ളിൽ 24 ശതമാനം പേർ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് 12 മണി

 ചേർത്തല - 44.16 %

 അരൂർ - 42.98 %

 ആലപ്പുഴ - 42.13 %

 അമ്പലപ്പുഴ - 40.68 %

 ഹരിപ്പാട് - 40.16 %

 കായംകുളം - 40.30 %

..............

വൈകിട്ട് 3 മണി

 ചേർത്തല - 64.54%

 അരൂർ - 62.87%

 ആലപ്പുഴ - 61.10%

 അമ്പലപ്പുഴ - 59.88%

 ഹരിപ്പാട്- 58.31%

 കായംകുളം-58.12%

..................

വൈകിട്ട് 5 മണി

 അരൂർ - 72.93%

 ചേർത്തല - 74.53%

 ആലപ്പുഴ - 70.72%

 അമ്പലപ്പുഴ - 69.33 %

 ഹരിപ്പാട്- 68.46 %

 കായംകുളം -68.11 %

................

അവസാന പോളിംഗ് നില

 അരൂർ - 80.02 %

 ചേർത്തല - 80.52 %

 ആലപ്പുഴ - 76.16 %

 അമ്പലപ്പുഴ - 74.60 %

 ഹരിപ്പാട്- 74.06 %

 കായംകുളം - 73.20 %