ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടുകയറി ഒരു സംഘം ആക്രമണം നടത്തുന്നതിനിടെ അയൽവാസി കുഴഞ്ഞു വീണു മരിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് ഏഴാം വാർഡ് മീനത്തേരിൽ വീട്ടിൽ ശാർങ്‌ഗധരൻ (പൊടിക്കൊച്ച്-60) ആണ് മരിച്ചത്.അക്രമം കണ്ട് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്ന പ്രചാരണം പൊലീസ് നിഷേധിച്ചു. ഏഴു വർഷമായി ഹൃദയസംബന്ധമായ അസുഖമുള്ള ശാർങ്‌ഗധരൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കോൺഗ്രസ് പ്രവർത്തകനായ തെക്കേമുറിയാലിൽ സുബിയൻ (40), ഭാര്യ റാണി, സഹോദരൻ സുധീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സുബിയന്റെ മാതാവ് സുഭാഷിണി (65), മകൻ സൂരജ് (9) എന്നിവരുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. ഈ സമയത്താണ് അയൽവീട്ടിൽ ശാർങ്‌ഗധരൻ കുഴഞ്ഞു വീണത്. ഉടൻ തൃക്കുന്നപ്പുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുബിയൻ, റാണി, സുധീഷ് എന്നിവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ കെട്ടുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അക്രമമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.