muslim-league

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സക്കറിയാ ബസാർ വൈ.എം.എം.എ എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ മുസ്ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറി ബി.എ. ഗഫൂറും ലീഗ് ടൗൺ കമ്മിറ്റി പ്രസിഡന്റ് എ.എം. നൗഫലും തമ്മിൽ വാക്കേറ്റവും സംഘർഷവും. തദ്ദേശ തിരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങളെ തുടർന്ന് ലീഗിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഗഫൂറിനെ മാറ്റിയിരുന്നു. വോട്ടിംഗിനെ സംബന്ധിച്ച് തുടങ്ങിയ തർക്കം ചേരി തിരിഞ്ഞുള്ള ബഹളത്തിൽ കലാശിച്ചു. തുടർന്ന് ഉന്തും തള്ളുമായതോടെ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചെങ്കിലും വീണ്ടും തർക്കമുണ്ടായി. ബൂത്തിന് സമീപം ബഹളമുണ്ടാക്കിയെന്നാരോപിച്ച് എ.എം. നൗഫലിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. എന്നാൽ വാക്കുതർക്കമുണ്ടായിട്ടില്ലെന്നും വീടിന് മുന്നിൽ പ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് ചോദ്യംചെയ്തതാണ് അറസ്റ്റിന് കാരണമെന്നും എ.എം. നൗഫൽ പറഞ്ഞു.