കുട്ടനാട്: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റിനെ സി.പി.എം പ്രവർത്തകർ മർദ്ദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന വൃദ്ധമാതാവിനും മർദ്ദനമേറ്റു. കൈനകരി കുപ്പപ്പുറം ഗവ.ഹൈസ്‌കൂൾ പത്താം നമ്പർ ബൂത്തിലെ യു.ഡി.എഫ് ഏജന്റ് സന്തോഷിന്റെ മാതാവ് രുദ്രാണിക്കാണ് (79) മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 3.15നായിരുന്നു സംഭവം.
തിരിച്ചറിയൽ രേഖ ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ആളെ സന്തോഷ് തടയാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. ഈ സമയം ഇവിടെ ഉണ്ടായിരുന്ന രുദ്രാണിയെ വോട്ടു ചെയ്യിച്ച ശേഷം പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഏതാനും സി.പി.എം പ്രവർത്തകർ ചേർന്നു സന്തോഷിനെ മർദ്ദിക്കാൻ ശ്രമിച്ചതിനിടെ രുദ്രാണിക്കും മർദ്ദനമേൽക്കുകയായിരുന്നു. ഉടൻ തന്നെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്തു. കൈനകരിയിലെ പ്രശ്ന ബാധിത ബൂത്തുകളിലൊന്നാണിത്. ഇവിടെ വേണ്ടത്ര പൊലീസുകാരെ വിന്യസിച്ചിരുന്നില്ല എന്ന് പരാതിയുണ്ട്.