ഹരിപ്പാട്: ഹരി​പ്പാട് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല രാവിലെ തന്നെ കുടുംബസമേതം എത്തി മണ്ണാറശാല യു.പി സ്കൂളിലെ 51-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ അനിത രമേശ്, മക്കളായ രോഹിത്, രമിത്ത്, മരുമകൾ ശ്രീജ, ചെറുമകൻ റോഹൻ എന്നിവരൊപ്പമുണ്ടായി​രുന്നു.

അതിനുശേഷം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർഥി ആർ സജി ലാൽ രാവിലെ തന്നെ പുനലൂർ ഇടമുളയ്ക്കൽ ജവഹർ ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഹരിപ്പാട് തിരിച്ചെത്തി. തുടർന്ന് പ്രവർത്തകരോടൊപ്പം ബൂത്തുകൾ സന്ദർശിച്ചു. എൻ.ഡി.എ സ്ഥാനാർഥി കെ. സോമൻ ഭാര്യ ആശയോടൊപ്പം ആനാരി പുതുശേരി എൽപി സ്കൂളിലെ 42 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തുടർന്ന് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ നേരിട്ടെത്തി പ്രവർത്തകരെ കണ്ടു.