തുറവൂർ: വോട്ടെടുപ്പ് ദിനത്തിൽ വളമംഗലത്ത് സി.പി.എം--ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകനായ വളമംഗലം വടക്ക് കാരത്തുരുത്തിൽ (തോമസ് വില്ല) ജിസ്റ്റോ (26)നാണ് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവർത്തകരെ കുത്തിയതോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയുന്ന മറ്റ് 6 പേർക്കായി തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ട് 5-ഓടെ വളമംഗലം-കുത്തിയതോട് റോഡിൽ പുരന്ദരേശ്വരം ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ചൂർണ്ണിമംഗലം സ്കൂൾ ബൂത്തിന് സമീപം കൊടി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായാണ് ഇരു വിഭാഗവും തമ്മിൽ സംഘട്ടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.