വൈ.എം.സി.എ ജംഗ്ഷനിൽ
ആശയക്കുഴപ്പമുണ്ടാക്കി
സിഗ്നൽ ലൈറ്റ്
ആലപ്പുഴ: വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറഞ്ഞതുപോലെയാണ് വൈ. എം.സി. എ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ. നഗരത്തിലെ ഏറ്റവും പ്രധാന ജംഗ്ഷനുകളിലൊന്നായ വൈ. എം.സി. ഐയിൽ സിഗ്നൽ ലൈറ്റുകൾ വന്നപ്പോൾ യാത്രക്കാർ ആശ്വസിച്ചതാണ്. എന്നാൽ സിഗ്നൽ ലൈറ്റുകൾ വന്നതോടെ ആകെ മൊത്തം കൺഫ്യൂഷനിലായിരിക്കുകയാണ്.
സിഗ്നൽ ലൈറ്റിൽ ഉണ്ടായ നേരിയ ചരിവാണ് പ്രശ്ന കാരണമെന്ന് പറയുന്നു. ജംഗ്ഷനിൽ നിന്ന് തെക്കോട്ട് പോകുന്ന വാഹനങ്ങളിൽ ഭൂരിഭാഗം പേർക്കും സിഗ്നൽ നേരെ കാണുവാൻ സാധിക്കില്ല. സിഗ്നൽ വീണ് ഒരു മിനിട്ടിന് ശേഷമാണ് പലരും സിഗ്നൽ വീഴുന്നത് കാണുന്നത്. ഏതെങ്കിലും വണ്ടി ഇടിച്ചിട്ട് ചെറിയ ചരിവ് ഉണ്ടായതാണോ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വന്നതാണോ ചരിവ് എന്നത് വ്യക്തമല്ല,
ഇവിടെ ഇടയ്ക്കിടെ സിഗ്നൽ പണിമുടക്കുന്നത് നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. സിഗ്നലിലെ ലൈറ്റ് കത്തിയാലും ചില സമയത്ത് നമ്പർ തെളിയാത്തതും വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടിന് ഇടയാക്കുന്നു. ജംഗ്ഷനുകളിൽ വാഹനയാത്രക്കാർ തമ്മിൽ വാക്കേറ്റത്തിനും ഇത് ഇടയാക്കുന്നുണ്ട്. എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണിത്. ലൈറ്റുകൾ ഇടയ്ക്കിടെ പ്രവർത്തന രഹിതകുന്നതിനാൽ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മുൻപ് സിഗ്നൽ ലൈറ്റിൽ വള്ളികൾ പടർന്നുകയറുമായിരുന്നു. വള്ളികൾ സിഗ്നൽ ലൈറ്റിനെ മൂടുമായിരുന്നു. ഇത് കെ.എസ്.ഇ.ബി ജോലിക്കാർ എത്തിയാണ് നീക്കം ചെയ്തിരുന്നത്. എന്നാൽ വേനൽക്കാലമായതിനാൽ ആ പ്രശ്നം ഇപ്പോഴില്ല.
ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസുകാരില്ലാത്ത സാഹചര്യത്തിൽ സിഗ്നൽ ലൈറ്റുകൾകൂടി പണിമുടക്കിയത് കുരുക്ക് വർദ്ധിപ്പിക്കുന്നു. ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ വേളയിൽ നഗരത്തിൽ തിരക്ക് കുറഞ്ഞിരുന്നു. എന്നാൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന റോഡ് പണിയും പാലം നവീകരണങ്ങളും തിരക്ക് കൂട്ടിയിട്ടുണ്ട്.
.........................
# കെൽട്രോൺ കമ്പനിയുടെ
സിഗ്നൽ ലൈറ്റുകൾ
എസ്.ഡി. കോളജിനു സമീപവും വൈ.എം.സി.എ ജംഗ്ഷനിലും സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൻ കമ്പനിയാണ്. സിഗ്നൽ ലൈറ്റ് തകരാർ ആയാൽ ട്രാഫികിൽ നിന്ന് പരാതി നൽകും. പരാതി കിട്ടിയാലും ഉടൻ നന്നാക്കാൻ എത്താത്തത് ഗതാഗതകുരുക്കിന് ഇടയാക്കുന്ന അവസ്ഥയുണ്ട്.
..............................
'' സിഗ്നൽ കാണുന്നതിൽ വ്യക്തതക്കുറവുണ്ടെന്ന് വാഹനയാത്രക്കാർ പരാതി പറയുന്നുണ്ട്. ഇത് പരിശോധിച്ച് പരിഹാരം ഉടൻ കാണും.
(ട്രാഫിക് അധികൃതർ)