ആലപ്പുഴ: കൊടുംവെയിൽ പകർന്ന പൊള്ളുന്ന ചൂടും അന്തരീക്ഷ ആർദ്രതയുടെ ഉഷ്ണവും സഹിച്ച് ഒരു മാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ, വോട്ടെടുപ്പിന്റെ പകലുണ്ടായ സമ്മർദ്ദ മണിക്കൂറുകളും മറികടന്ന സ്ഥാനാർത്ഥികൾക്ക് ഇനി വോട്ടെണ്ണൽ വരെ കാത്തിരിപ്പിന്റെ 24 പകലിരവുകൾ. പൊതു പ്രവർത്തനത്തിന് അവധിയില്ലാത്തതിനാൽ മത്സരത്തിനിറങ്ങുന്നതിന് മുമ്പ് എങ്ങനെയായിരുന്നുവോ, അങ്ങനെതന്നെ ആയിരിക്കും ഇനിയുള്ള ദിവസങ്ങളിലുമെന്ന് സ്ഥാനാർത്ഥികൾ വ്യക്തമാക്കുന്നു. ബൂത്ത് തലം മുതൽ പാർട്ടി നടത്തുന്ന അവലോകനങ്ങൾ കാതോർത്തിരിക്കുകയാണ് പലരും.
# ആലപ്പുഴ
പി.പി.ചിത്തരഞ്ജൻ (എൽ.ഡി.എഫ്)
വലിയ ഭൂരിപക്ഷത്തിൽ തന്നെ ഇക്കുറി വിജയിക്കും. 20,000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണ വേളയിൽ മണ്ഡലത്തിൽ എങ്ങനെയായിരുന്നുവോ, അങ്ങനെതന്നെ ഒരു വിളിപ്പാടകലെ ഇനിയുമുണ്ടാവും. മാരാരിക്കുളം മണ്ഡലത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. അംഗത്വം പുതുക്കലുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് തീർക്കാനുണ്ട്.
ഡോ. കെ.എസ്. മനോജ് (യു.ഡി.എഫ്)
വിജയം ഉറപ്പാണ്. ജനങ്ങളുടെ പ്രതികരണവും പ്രവർത്തകരുടെ അഭിപ്രായങ്ങളും അനുകൂലമാണ്. തീരദേശ മേഖലയിലെ വോട്ട് കൂടിയത് കോൺഗ്രസിന്റെ വിജയപ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. ആഴക്കടൽ മത്സ്യബന്ധന കരാറിനോട് മത്സ്യത്തൊഴിലാളികൾ എതിരാണ്. കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ജോലിയും തുടരും. മണ്ഡലത്തിൽ സജീവമാകും.
സന്ദീപ് വാചസ്പതി (എൻ.ഡി.എ)
വിജയ പ്രതീക്ഷയുണ്ട്. ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ എനിക്കും പ്രവർത്തകർക്കും കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഒരു വിടവാങ്ങലല്ല. മണ്ഡലത്തിൽ സജീവമായി എപ്പോഴും കാണും. പാർട്ടി പ്രവർത്തകരുടെ പിന്തുണയും ഉണ്ടാകും.
................................
# അമ്പലപ്പുഴ
എച്ച്.സലാം (എൽ.ഡി.എഫ്)
മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളിൽ അവർക്ക് അനുകൂലമായ വിധത്തിൽ പോളിംഗ് നടന്നിട്ടില്ല. ഇത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്. അമ്പലപ്പുഴ മണ്ഡലത്തിലെ സജീവ പ്രവർത്തകനാണ്. ഇനിയും അങ്ങനെതന്നെ തുടരും.
എം. ലിജു (എൽ.ഡി.എഫ്)
തീർച്ചയായും വിജയിക്കും. എല്ലാ പഞ്ചായത്തിലും ലീഡ് ചെയ്യും. നിഷ്പക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാവും. 10000 ത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടാവും. പൊതുപ്രവർത്തകന് അവധിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായി തുടരും
അനൂപ് ആന്റണി (എൻ.ഡി.എ)
101 ശതമാനം വിജയ പ്രതീക്ഷയുണ്ട്.10000ത്തിന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.രണ്ട് ദിവസത്തിന് ശേഷം ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും.10 ദിവസം കഴിഞ്ഞ് തിരികെയെത്തി മണ്ഡലത്തിൽ സജീവമാകും.
.....................................
# കായംകുളം
യു.പ്രതിഭ (എൽ.ഡി.എഫ്)
കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷം ഉയരും. ജനങ്ങളുടെ സ്നേഹവും സ്വീകരണവും ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പനിയായതിനാൽ തകഴിയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഉടൻ തന്നെ മണ്ഡലത്തിൽ സജീവമാകും.
അരിത ബാബു (യു.ഡി.എഫ്)
വിജയ പ്രതീക്ഷയിൽ മാറ്റമില്ല. പൊതുപ്രവർത്തനത്തോടൊപ്പം മുമ്പ് ചെയ്തിരുന്ന ജോലികളിൽ സജീവമാകും. ഇന്നലെത്തന്നെ നാട്ടിലെ ഒരു ട്യൂഷൻ സെന്ററിൽ ഓഫീസ് ജോലിയിൽ പ്രവേശിച്ചു. രാഷ്ട്രീയവും ജോലിയും ഒരു പോലെ കൊണ്ടുപോകാൻ കഴിയും. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മണ്ഡലത്തിൽ എന്നും എപ്പോഴും ഉണ്ടാവും.
പ്രദീപ് ലാൽ (എൻ.ഡി.എ)
വിജയപ്രതീക്ഷയുണ്ട്. ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. ഓണാട്ടുകരയുടെ സമഗ്ര വികസനത്തിനായി മണ്ഡലത്തിൽ സജീവമായി ഉണ്ടാകും.
..............................
# കുട്ടനാട്
തോമസ് കെ.തോമസ് (എൽ.ഡി.എഫ്)
വിജയ പ്രതീക്ഷ 100 ശതമാനം. കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യമല്ല മണ്ഡലത്തിൽ. സഹോദരൻ തോമസ് ചാണ്ടിയുടെ തിരഞ്ഞെടുപ്പ് കാലം മുതൽ മണ്ഡലത്തിൽ പ്രവർത്തകനായി ഉണ്ടായിരുന്നു. സഹോദരന്റെ വേർപാടിനു ശേഷവും സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ സമഗ്ര വികസനവും കരുതലും ഭൂരിപക്ഷം ഉയർത്തും. എപ്പോഴും കുട്ടനാട്ടിന് തണലായി ജനങ്ങളുടെ ഒപ്പം കാണും.
അഡ്വ.ജേക്കബ് എബ്രഹാം (യു.ഡി.എഫ്)
വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മണ്ഡലത്തിൽ സജീവമായി എന്നും കാണും. കുട്ടനാട് ജീവവായുവാണ്. മറ്റെങ്ങും പോകാനില്ല. ഏത് ആവശ്യത്തിനും നാടിനൊപ്പമുണ്ടാവും.
തമ്പി മേട്ടുതറ (എൻ.ഡി.എ)
നല്ല വിജയ പ്രതീക്ഷയുണ്ട്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് കുട്ടനാട്ടിലുള്ളത്. ആ മാറ്റം എൻ.ഡി.എയ്ക്ക് അനുകൂലമായിരിക്കും. നിഷ്പക്ഷ വോട്ടുകളും പ്രതീക്ഷിക്കുന്നു.
# അരൂർ
അഡ്വ. ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്)
എന്നും എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ട്. തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. കരുത്തും ഊർജവും വോട്ടും നൽകി ഒപ്പം നിന്നവരോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്.
ദലീമ ജോജോ (എൽ.ഡി.എഫ്)
നൂറ് ശതമാനം ശുഭാപ്തി വിശ്വാസത്തിലാണ്. മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്. ഫലം കാത്തിരിക്കുമ്പോഴും വിശ്രമിക്കാനല്ല, സജീവമായി പ്രവർത്തിക്കാനാണ് ഇഷ്ടം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിലെ തിരക്കുമുണ്ട്. മണ്ഡലത്തിലെയും, ജില്ലാ പഞ്ചായത്ത് പരിധിയിലെയും എല്ലാ കാര്യങ്ങൾക്കും ഓടിയെത്തേണ്ടതുണ്ട്.
ടി.അനിയപ്പൻ (എൻ.ഡി.എ)
വിധിയെഴുത്ത് എൻ.ഡി.എയ്ക്ക് അനുകൂലമായിരിക്കും. 2500 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ജയിച്ചാലും തോറ്റാലും സേവനം തുടരും. വിജയിച്ച് അധികാരം ലഭിച്ചാൽ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഫലം എന്തായാലും നാടിനോടുള്ള പ്രതിബദ്ധതയ്ക്ക് മാറ്റം വരില്ല. തിരഞ്ഞെടുപ്പ് ഒരു പരീക്ഷ മാത്രമാണ്. തോറ്റാൽ വീണ്ടും എഴുതും.
........................
# ചേർത്തല
പി.പ്രസാദ് (എൽ.ഡി.എഫ്)
എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും മേൽക്കൈ നേടി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും വിശ്രമമില്ല. ചേർത്തല വിട്ട് എങ്ങോട്ടും പോയിട്ടില്ല. ഏതവസരത്തിലും എന്ത് ആവശ്യത്തിനും വിളിക്കാമെന്ന് വോട്ടർമാരോട് നേരത്തെ പറഞ്ഞിട്ടുണ്ട്. വിവിധ കാര്യങ്ങൾക്ക് വേണ്ടി ഓരോരുത്തർ വിളിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടിയാണ് ഇനിയുള്ള ദിവസങ്ങളും.
എസ്.ശരത് (യു.ഡി.എഫ്)
തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. ചേർത്തലക്കാരനായതിനാൽ എന്നും എപ്പോഴും നാട്ടിലെ ജനങ്ങൾക്കൊപ്പം തന്നെയുണ്ടാകും. ജനാധിപത്യ വിശ്വാസികളായ എല്ലാവരുടെയും വോട്ട് ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു.
അഡ്വ പി.എസ്. ജ്യോതിസ് (എൻ.ഡി.എ)
അട്ടിമറി വിജയം നേടും. ഇടത്, വലത് മുന്നണികളിൽ നിന്ന് വോട്ട് ലഭിച്ചിട്ടുണ്ട്. സാമുദായിക പരിഗണനയും അനുകൂലമായിരുന്നു. അവലോകന യോഗമടക്കം കൂടി ഭാവി പരിപാടികൾ ആലോചിക്കും. മണ്ഡലത്തിൽ സജീവമായിരിക്കും.
........................
# മാവേലിക്കര
എം.എസ്.അരുൺകുമാർ (എൽ.ഡി.എഫ്)
തിരഞ്ഞടുപ്പ് ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയാണുള്ളത്. വിവിധ പരിപാടികളുമായി മണ്ഡലത്തിൽ ഇനിയും സജീവമായിരിക്കും.
കെ.കെ.ഷാജു (യു.ഡി.എഫ്)
6,000- 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. നിഷ്പക്ഷമതികളുടെ വോട്ട് ധാരാളമായി ലഭിച്ചിട്ടുണ്ട്. വോട്ടർമാർ ഗൗരവത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിച്ചത്. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടും.
കെ.സഞ്ജു (എൻ.ഡി.എ)
ജയമോ പരാജയമോ ആവട്ടെ, പോരാട്ടത്തിൽ ഒപ്പം നിന്നവരോട് ഏറെ നന്ദിയുണ്ട്. കക്ഷി രാഷ്ട്രീയ, ജാതി മത വ്യത്യാസങ്ങളില്ലാതെയാണ് വോട്ടർമാർ ഒപ്പം നിന്നത്.
......................
# ഹരിപ്പാട്
രമേശ് ചെന്നിത്തല (യു.ഡി.എഫ്)
ഭൂരിപക്ഷം വർദ്ധിക്കും. വിജയം സുനിശ്ചിതമാണ്. അഞ്ചുവർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ ഇടത് സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി വിധി എഴുതിയിട്ടുണ്ട്.
അഡ്വ. ആർ. സജിലാൽ (എൽ.ഡി.എഫ്)
വിജയപ്രതീക്ഷയിലാണ്. എല്ലാ ബൂത്തുകളുടെയും വോട്ടിംഗ് നില അനുസരിച്ച് വിലയിരുത്തൽ നടത്തണം. മണ്ഡലത്തിൽ തുടരുകയാണ്.
കെ.സോമൻ (എൻ.ഡി.എ)
ഇരു മുന്നണികളുടെയും അവിശുദ്ധ ബന്ധത്തെക്കുറിച്ച് ജനങ്ങൾക്ക് ധാരണയുണ്ടായിരുന്നു. ക്രമാനുഗതമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്. ഇടത് മുന്നണിയിലെ പ്രതിഷേധക്കാരുടെ ഉൾപ്പടെ വോട്ട് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ കണ്ട ചില സങ്കട കാഴ്ചകളുണ്ട്. അവർക്ക് സഹായമെത്തിക്കണം. മണ്ഡലത്തിൽ സജീവമായിരിക്കും.