photo

ചേർത്തല: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അയ്യപ്പനെ ആർക്കും വേണ്ടാതായെന്നും, വോട്ട് നേടാൻ വേണ്ടി അയ്യപ്പനെ മാർക്കറ്റ് ചെയ്യുകയായിരുന്നെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വൈദിക യോഗം പൊതുയോഗവും തിരഞ്ഞെടുപ്പും ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കൂട്ടത്തോടെ അയ്യപ്പനെ വിളിക്കുകയായിരുന്നു. ഈഴവ സമുദായത്തിലെ 10 വയസിന് മേൽ പ്രായമുള്ള വനിതകൾ ആരും ശബരിമല കയറില്ല. ഇതിന്റെ പേരിലുള്ള പ്രക്ഷോഭ സമരങ്ങളിൽ ഈഴവ സമുദായാംഗങ്ങൾ പങ്കെടുക്കരുത്. ആത്മീയ അടിത്തറയില്ലാത്തതാണ് സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണം. ഇതര സമുദായങ്ങൾ ആത്മീയ അടിത്തറയിൽ നിന്നാണ് ഭൗതികതയിലേയ്ക്ക് വളരുന്നത്. ഈ അവസ്ഥയിലേയ്ക്ക് എസ്.എൻ.ഡി.പി യോഗവും ഉയരണം. വളരുംതോറും പിളരുന്ന കേരള കോൺഗ്രസിനെ കൈനീട്ടി സ്വീകരിക്കാൻ മുന്നണികൾ തയ്യാറായിട്ടും ഈഴവരെ ആർക്കും വേണ്ടാത്ത സ്ഥിതിയാണ്. സംഘടിതശക്തിയാകാൻ കഴിയാത്തതാണ് കാരണം.ആത്മീയതയുമില്ല, കൂട്ടായ്മയുമില്ല, വോട്ടു ബാങ്കുമല്ല എന്നതാണ് സമുദായം നേരിടുന്ന വെല്ലുവിളി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനങ്ങളിലടക്കം പിന്നാക്കക്കാർ അവഗണിക്കപ്പെടുകയാണെന്നും ഇതിന് മാറ്റം വരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ വൈദിക യോഗം സംസ്ഥാന ചെയർമാൻ ഇ.കെ. ലാലൻ തന്ത്രി അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിനെ ചടങ്ങിൽ വെള്ളാപ്പള്ളി ആദരിച്ചു. പി.വി. ഷാജി ശാന്തി, പവനേഷ് ശാന്തി,രാമചന്ദ്രൻ ശാന്തി എന്നിവർ സംസാരിച്ചു.