മരണം മൂന്നായി
ആലപ്പുഴ: ദേശീയപാതയിൽ തുമ്പോളിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന, കാർ യാത്രിക എരമല്ലൂർ പുണർതത്തിൽ വേണുഗോപാലിന്റെ ഭാര്യ സീന (40) ആണ് ചൊവ്വാഴ്ച മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സീനയെ നില വഴളായതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ വേണുഗോപാലും മക്കളായ വിനയയും വൈഷ്ണവും അപകടനില തരണം ചെയ്തു. മൂന്ന് പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വേണുഗോപാലിന്റെ സുഹൃത്ത് എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് കണ്ണന്തറ നികർത്ത് രാഹുൽ (29), ഭാര്യ ഹരിത (28) എന്നിവർ സംഭവദിവസം തന്നെ മരിച്ചിരുന്നു.
മർച്ചന്റ് നേവി ജീവനക്കാരായ രാഹുലും വേണുഗോപാലും നാട്ടിലെത്തിയ ശേഷം കുടുബത്തോടൊപ്പം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദർശനവും മൃഗശാല സന്ദർശനവും നടത്തിയ ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ , വിമാന ഇന്ധനം കയറ്റിവന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലിരുന്ന രാഹുലും ഭാര്യയും അപകടസ്ഥലത്ത് മരിച്ചു. ആർ.രാമചന്ദ്രൻ നായർ, പരേതയായ ബേബി ശ്യാമള എന്നിവരാണ് സീനയുടെ മാതാപിതാക്കൾ. സംസ്ക്കാരം ഇന്നലെ രാത്രി ഏഴിന് വീട്ടുവളപ്പിൽ നടത്തി.