ഹരിപ്പാട്: ടി.പി.ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന വാൾ സി.പി.എം വീണ്ടും പുറത്തെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ പാനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂറിനെ നീചമായാണ് സി.പി.എം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികളുടെ പാർട്ടിയായ സി.പി.എം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശൗര്യം മുഴുവൻ പുറത്തെടുക്കുകയാണ്. എത്ര ചോര കുടിച്ചാലും കൊതിതീരാത്ത പാർട്ടിയായി സി.പി.എംമാറി. മൻസൂറിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. കണ്ണൂരിലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്കും ഈ അരുംകൊലയിൽ പങ്കുണ്ട്. എതിരാളികളെ വകവരുത്തി മുന്നോട്ട് പോകാമെന്ന കാട്ടാള ശൈലിയിലാണ് സി.പി.എം.അനുവർത്തിക്കുന്നത്. ഇത് കേരളസമൂഹം വച്ചു പൊറുപ്പിക്കില്ല. ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നത് ലജ്ജാകരമാണ്. വ്യാപകമായ അക്രമമാണ് സി.പി.എം. സംസ്ഥാനത്തുടനീളം അഴിച്ചുവിട്ടത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഭയപ്പെട്ട് ജനങ്ങളെ ആക്രമിക്കുന്നത് ഒരു പാർട്ടിക്കും നല്ലതല്ലെന്നും ചെന്നിത്തല പറഞ്ഞു.