ഹരിപ്പാട്: നിലപാട് പറയുമ്പോൾ എൻ.എസ്.എസിനെ വിരട്ടാൻ സി.പി.എം നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസിനെ വരുതിക്ക് നിറുത്താനും ഭീഷണിപ്പെടുത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ നടന്നില്ല. എൻ.എസ്.എസ് നിലപാട് തുറന്നു പറഞ്ഞപ്പോൾ ഭീഷണിയുമായെത്തി. അങ്ങനെ ആരെയും വിരട്ടാൻ നോക്കേണ്ട. അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എൻ.എസ്.എസിനെതിരെ മന്ത്രി എ.കെ.ബാലന്റെ പരാതിയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്ന് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാകും. പിണറായി ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ പാർട്ടി നശിക്കുമെന്ന് ബോദ്ധ്യമുള്ളതിനാൽ സി.പി.എമ്മിനെ സ്നേഹിക്കുന്ന വലിയ വിഭാഗം യു.ഡി.എഫിന് വോട്ട് ചെയ്‌തു. ക​ള്ള​വോ​ട്ടും ഇ​ര​ട്ട​വോ​ട്ടും ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞു​. വ്യാ​ജ വോ​ട്ടു​ക​ൾ ത​ട​യാ​ൻ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച തിരഞ്ഞെടുപ്പ് ക​മ്മിഷ​നെയും ഹൈ​ക്കോ​ട​തി​യേ​യും ചെന്നിത്തല അഭിനന്ദിച്ചു. പരാജയഭീതിയിൽ സി.പി.എം അക്രമം അഴിച്ചു വിടുകയാണ്. പാനൂരിലെ മുസ്ളീം ലീഗ് പ്രവർത്തകന്റെ കൊലപാതകം ടി.പി. ചന്ദ്രശേഖരനെ കൊന്നതിന് സമാനമാണ്. വ്യാപകമായി ബൂത്ത് പിട‌ുത്തമുണ്ടായ തളിപ്പറമ്പിൽ റീപോളിംഗ് വേണം. ആന്തൂരിൽ 35 ബൂത്തുകളിൽ ഒരു ബൂത്തിലൊഴികെ മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ ഏജന്റുമാരെ അടിച്ചോടിച്ചു. എം.വി.ഗോവിന്ദൻ പറഞ്ഞതനുസരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. 80 വയസ് കഴിഞ്ഞവരുടെ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നായി പരാതിയുള്ളതിനാൽ അതേക്കുറിച്ച് വിവരശേഖരണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.