ചാരുംമൂട്: മാവേലിക്കര നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സഞ്ജുവിനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. സംഭവത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് എൻ.ഡി.എ ആരോപിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം.
തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ഡി.വൈ.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയായ സഞ്ജു ബി.ജെ.പിയിൽ ചേർന്നത്.
വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സഞ്ജുവിനെ ആംബുലൻസിലെത്തിയ സംഘം കൈയേറ്റം ചെയ്യുകയായിരുന്നു. ഈ സമയം സഞ്ജുവിന്റെ വീടിനു മുന്നിൽ പൊലീസ് സംഘം ജീപ്പുമായുണ്ടായിരുന്നെങ്കിലും അക്രമികളെ നിയന്ത്രിച്ചില്ലെന്ന് ആരോപണമുണ്ട്. പ്രദേശത്തുണ്ടായിരുന്ന സഞ്ജുവിന്റെ ഫ്ളക്സ് ബോർഡുകൾ കൂട്ടിയിട്ട് തീയിട്ടശേഷമാണ് അക്രമിസംഘം കടന്നത്. സഞ്ജുവിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു. അക്രമിസംഘത്തിൽപ്പെട്ടവരും ഇന്നലെ ആശുപത്രിയിൽ ചികിത്സ തേടി.