ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ജില്ലയിൽ 260 സ്കൂളുകളിൽ പരീക്ഷ നടക്കും. എസ് എസ്.എൽ.സി പരീക്ഷ 22,083 പേരും, പ്ലസ് ടു 25,748 പേരും എഴുതും. ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി എഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്.
ഈ വർഷവും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും, രക്ഷിതാക്കൾക്കു ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വാർ റൂം സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച് ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം കൂടി. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തിയ അതേ രീതിയിൽ ഇത്തവണയും സ്കൂൾ മേധാവികൾ പരീക്ഷയ്ക്കുളള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കും.
എസ്.എസ്.എൽ.സിക്ക് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ താമരക്കുളം വി.വി.എച്ച്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്; 395 പേർ. ഏറ്റവും കുറവ് കുട്ടികളുള്ളത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ഗവ എച്ച്.എസ് തെക്കേക്കരയിലും, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഗവ ബോയ്സ് എച്ച്.എസിലുമാണ്. ഇരു സ്കൂളുകളിലും 6 വിദ്യാർത്ഥികൾ വീതമാണുള്ളത്.
..................
നിയമസഭാ തിരഞ്ഞെടുപ്പ് വന്നതിനാൽ മാർച്ച് 31ന് മുമ്പായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ എല്ലാ സ്കൂൾ അധികാരികൾക്കും നിർദ്ദേശം നൽകിയിരുന്നു. പരീക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി വിദ്യാഭ്യാസ ഓഫീസർമാരുടെ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്
എ.കെ.പ്രസന്നൻ, ജില്ലാ കോ-ഓർഡിനേറ്റർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
......................
# പരീക്ഷാർത്ഥികളുടെ എണ്ണം (എസ്.എസ്.എൽ.സി)
ആകെ - 22,083
ആലപ്പുഴ- 6458
ചേർത്തല 6473
കുട്ടനാട് -2079
മാവേലിക്കര 7273
..................
# ഹയർസെക്കൻഡറി
ആകെ - 25,748
ആൺകുട്ടികൾ- 13,504
പെൺകുട്ടികൾ- 12,244
....................
# വൊക്കേഷണൽ ഹയർ സെക്കൻഡറി
ആകെ - 1383
ആൺകുട്ടികൾ - 623
പെൺകുട്ടികൾ - 760