nda

ആക്രമിച്ചത് ഡി.വൈ.എഫ്.ഐക്കാരെന്ന് എൻ.ഡി.എ

ചാരുംമൂട് : മാവേലിക്കര നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സഞ്ജുവിനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. സംഭവത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് എൻ.ഡി.എ ആരോപിച്ചു. വോട്ടെടുപ്പ് ദിവസം രാത്രി പന്ത്രണ്ടോടെയാണ് സംഭവം. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സഞ്ജുവിനെ ആംബുലൻസിലെത്തിയ സംഘം കൈയേറ്റം ചെയ്യുകയായിരുന്നു. ഈ സമയം സഞ്ജുവിന്റെ വീടിനു മുന്നിൽ പൊലീസ് സംഘം ജീപ്പിൽ കിടപ്പുണ്ടായിരുന്നെങ്കിലും അക്രമികളെ നിയന്ത്രിച്ചില്ലെന്ന് ആരോപണമുണ്ട്. പ്രദേശത്തുണ്ടായിരുന്ന സഞ്ജുവിന്റെ ഫ്ളക്സ് ബോർഡുകൾ കൂട്ടിയിട്ട് തീയിട്ടശേഷമാണ് അക്രമിസംഘം കടന്നത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സഞ്ജുവിനെ പിന്നീട് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു. അക്രമിസംഘത്തിൽപ്പെട്ടവരും ഇന്നലെ ആശുപത്രിയിൽ ചികിത്സ തേടി. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ഡി.വൈ.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയായ സഞ്ജു ബി.ജെ.പിയിൽ ചേർന്നത്.

ആശുപത്രിയിൽ കഴിയുന്ന സഞ്ജുവിനെ ബി.ജെ.പി ജില്ലാ പ്രസിഡൻറ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവ്,സംസ്ഥാന സമിതി അംഗം സന്ദീപ് വചസ്പതി, ജില്ലാ ട്രഷറർ കെ.ജി. കർത്ത, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ എന്നിവർ സന്ദർശിച്ചു.

ബിജെപി പ്രതിഷേധിച്ചു

ചാരുംമൂട് : തിരഞ്ഞെടുപ്പു ദിവസം രാത്രിയിൽ മാവേലിക്കര നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ സഞ്ജുവിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ചുനക്കരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനി ദേവ് , നിയോജക മണ്ഡലം സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ , ഹരീഷ് കാട്ടൂർ , നേതാക്കളായ മധു ചുനക്കര , രാമചന്ദ്രൻ , പീയുഷ് ചാരുംമൂട് , കെ ആർ പ്രദീപ് , ബിനു ചാങ്കൂരേത്ത് , നവാസ് ആദിക്കാട്ടുകുളങ്ങര,സുധീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.