ഹരിപ്പാട്: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളിൽ നിന്നു പണം പിടിച്ചുപറിച്ച ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. കുമാരപുരം നെടുംപോച്ചയിൽ ആദിത്യൻ (27), പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണു കുമാർ (സുധി-28), കുമാരപുരം അടിമന പുതുവൽ ശ്യാം (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ കുമാരപുരം അമ്പലശ്ശേരി കടവിനു സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മണ്ണാറശാല സ്വദേശിയായ ജയനെയും സുഹൃത്തുക്കളെയുമാണ് ഗുണ്ടാസംഘം ആക്രമിച്ച് 16,600 രൂപ അപഹരിച്ചത്.
പണം പിടിച്ചു പറിക്കുന്നതിനിടയിൽ ആദിത്യൻ പട്ടിക കഷ്ണം കൊണ്ടു ജയന്റെ സുഹൃത്ത് സുരേഷിന്റെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പണവുമായി മടങ്ങിയ സംഘം മണികണ്ഠൻ ചിറ ഭാഗത്ത് വച്ച് വീതം വെയ്ക്കുന്നതിനിടെ തർക്കം ഉണ്ടാവുകയും ഏറ്റുമുട്ടുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോൾ സംഘം വെള്ളക്കെട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.
തുടർന്ന് ഹരിപ്പാട് സി.ഐ ആർ. ഫയാസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ എത്തി പ്രദേശം വളഞ്ഞ് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രദേശത്ത് നിരന്തരം കൂലിത്തല്ല്, പിടിച്ചുപറി, തുങ്ങിയ സാമൂഹ്യവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്.പി അലക്സ് ബേബി, നാർക്കോട്ടിക് സെൽ ഡവൈഎസ്.പി എം.ആർ. സതീഷ് കുമാർ, എസ്.ഐമാരായ ജോർജ്ജ്, ഉദയൻ, സീനിയർ സി.പി.ഒ അജയൻ, നിഷാദ്, അഞ്ജു, പ്രേംകുമാർ, അരുൺ, ദിലീപ്, അക്ഷയ്, ഷിബു ചന്ദ്രൻ, സിജിൻ, സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.